അതല്ലല്ലെങ്കിലും അങ്ങനാ...വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് മാത്രമല്ല, അത് റോക്കറ്റ് പിടിച്ചിട്ടായാലും കൃത്യമായി വന്നു പണി തരും. അല്ലെങ്കില്‍ ഡിന്നറിന് ചാളകൂട്ടാനും, ചെട്ട്യാരോടത്തെ പപ്പടവും കൂട്ടി ഏഷ്യനെറ്റിലെ ശ്രീകണ്ടന്‍ നായരെടെ തമ്മില്‍ തല്ല് പരിപാടിയും കണ്ടു ഒരു പിടിപിടിക്കേണ്ട ഞാന്‍, ചാക്കൊച്ചീടെ ആഗ്രഹത്തിന് (അതോ ദുരാഗ്രഹമോ!!!) തല വച്ചു കൊടുക്കില്ലല്ലോ. ലവന് ആറങ്ങോട്ടുകര ദുര്‍ഗ്ഗ തീയേറ്ററില്‍ നിന്നും ലാലേട്ടന്റെ 'ഉസ്താത്' പടം കാണണം അതും സെക്കന്റ് ഷോ. ഗഡിക്ക് ലാലേട്ടനോട് ആരാധനങ്ങട്ട് മൂത്തു, അതെന്റെ കാലക്കേടായിരുന്നു.
പിലക്കാട് നേരം വൈകീട്ട് 5 മണി ആയാല്‍ ആണായിപിറന്ന ഒരു യുവ പിലക്കാടന്മാരും കുടുമ്മത്ത് ഇരിക്കില്ല, ഇരിപ്പുറക്കില്ല. ഒന്നുകില്‍ ബസ്സ്‌സ്റ്റോപ്പിന് മുന്നിലുള്ള പറമ്പില്‍ വോളിബാള്‍ കളി, അല്ലെങ്കില്‍ അയ്യപ്പന്‍കാവിന്റെ അടുത്തുള്ള പാടത്ത് ക്രിക്കെറ്റോ, ഫുട്ബോളോ. ഇതിലേതെങ്കിലും ഒന്നില്‍ ഹാജര്‍ വച്ചിരിക്കും. പിന്നത്തെ ഹാജര്‍ വക്കുന്നത് അത്താഴത്തിന് മുന്നിലായിരിക്കും. അത്രക്കും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ളവരാണ് പിലക്കാടന്മാര്‍, ഈ പറഞ്ഞ രണ്ടുകാര്യത്തിലും. വൈകീട്ടത്തെ ക്രിക്കെറ്റു കളിയും കഴിഞ്ഞ് കാലിന്റെ മേല്‍ കിട്ടിയ ബോണ്ടയും തടവി പാടത്തെ പാലത്തിന്റെ മുകളില്‍ അന്നത്തെ കളിയെ ക്രിട്ടിസൈസ് ചെയ്തും, കാലില്‍ ബോണ്ട തന്നവനെ നല്ല നല്ല നാടന്‍ വാക്കുകളാല്‍ പ്രശംസിച്ചും ഒരു ഇരിപ്പുണ്ട് .....ഹായ്!! എന്താ അതിന്റെ ഒരു ഒരു സുഖം. സ്വര്‍ഗ്ഗത്തില്‍ ഇരുന്നാലും ഈ ഒരു സുഖം കിട്ടില്ല.
ഇതേപോലെയുള്ള ഒരു സായാഹ്നത്തില്‍ ആയിരുന്നു ചാക്കോച്ചിക്ക് ഈ ഒരു ഗ്രേറ്റ് ആംബീക്ഷന്‍ അതായത് ഉസ്താതിനു പോകാനുള്ള ആഗ്രഹം ഉടലെടുത്തത്. ഞാന്‍ അവന്റെ ഉറ്റ സുഹൃത്തായതിനാലും ഒരു കൂട്ടുകാരന്റെ ആംബീക്ഷന്‍ സാധിച്ചു കൊടുക്കേണ്ടാതിനാലും സര്‍വ്വോപരി എന്റെ സമയം നല്ലതായിരുന്നതുകൊണ്ടും ഞാനതങ്ങട്ട് സമ്മതിച്ചുകൊടുത്തു. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന്. എന്തിനും ഏതിനും അതിന്റേതായ സമയമുണ്ട് ദാസാ. ആ സമയം ഇതാ അടുത്ത് വരുന്നു.
"ഡാ അങ്ങനെയാണെങ്കിലെ മ്മക്ക് നെന്‍റെ വണ്ടീല് പൂവാം" ചാക്കൂന്റെ അഭിപ്രായത്തില് ആദ്യം ഒന്ന് സംശയിച്ചു.
"ഏത് വണ്ടീല്?"
"നെന്‍റെ വീട്ടിലെ ചോന്ന എമ്മല്ലെ വെസ്പേല്"
"ആയ്... ഗംഭീരായി!!!, സിനിമക്ക് വീട്ടീന്ന് ചാടണ കാര്യത്തില് തന്നെ ഒരു തിരുമാനമായിട്ടില്ല, അപ്പളാണ് ചോന്ന വെസ്പ. നോക്കട്ടെ ഇത് രണ്ടും പിതാജിടെ അപ്പളത്തെ മൂടുപോലെയിരിക്കും"
അത് നിനക്ക് പറ്റും, നിനക്കെ പറ്റൂ തുടങ്ങിയ രോമാഞ്ച കഞ്ചുകമുണര്ത്തുന്ന വാക്കുകളാല്‍ എനിക്ക് വേണ്ടതിലും കൂടുതല്‍ ബൂസ്റ്റും, ഹോര്‍ലിക്ക്സും തന്നിട്ട് എട്ടരക്ക് വീടിന്റെ പടിക്കല് കൂട്ടിമുട്ടാം എന്ന് പറഞ്ഞ് ചുള്ളന്‍ ഉസ്താതിന് തയ്യാറാവാന്‍ വീട്ടിലേക്കു പോകുമ്പോള്‍, എന്റെ മനസ്സില്‍ വിശ്വനാഥന്‍ ആനന്ദും, കാസ്പൊറോവിച്ചും തമ്മില്‍ വേള്‍ഡ് ചെസ്സ് മത്സരത്തിലെ ചടുല നീക്കങ്ങള്‍ നടക്കുകയായിരുന്നു ത്പ്പോ എങ്ങനാ സിനിമക്ക് പിതാജീടെ കയ്യീന്ന് അപ്പ്രൂവല്‍ വാങ്ങിക്ക്യാ, അതും വിത്ത് ചോന്ന എമ്മല്ലെ വെസ്പ. ഇനിപ്പോ അപ്പ്രൂവല് വാങ്ങിക്കാന്‍ പോയിട്ട് വേറെ വല്ലതും വാങ്ങിച്ചു കൂട്ടുമോ തുടങ്ങിയുള്ള വേള്‍ഡ് വാര്‍ ചിന്തകള്‍ എന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. കുളിക്കുമ്പോളും ചാളകൂട്ടാനും കൂട്ടി ഫുഡലക്കുമ്പോളും ഇത് തന്നെയായിരുന്നു എന്റെ മെയിന്‍ ചിന്ത. അങ്ങനെ മാതാശ്രീ വഴി അപ്ലിക്കേഷന്‍ കൊടുത്ത് സിനിമക്കുള്ള അപ്പ്രൂവല്‍ വാങ്ങിക്കാം എന്നും, ചോന്ന വെസ്പക്കുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിക്കാം എന്നും തിരുമാനിച്ചു.
അമ്മ വഴിയുള്ള അപേക്ഷ ഉടന്‍ പരിഗണനക്കെടുക്കുകയും, പെട്ടെന്ന് പാസ്സായികിട്ടുകയും ചെയ്തു. എന്നിട്ടും ഉമ്മറത്ത് പത്രവും വായിച്ചു കൊണ്ടിരുന്ന പിതാശ്രീടെ പിന്നില്‍ തലചൊറിഞ്ഞു നില്‍ക്കുന്ന എന്നോട് മൂപ്പര്‍ ആദ്യമൊക്കെ സര്‍ക്കാരാപ്പീസിലെ എല്‍ ഡി ക്ലെര്‍ക്കിനെ പോലെ പെരുമാറിയെങ്കിലും, പിന്നീട് എന്റെ നില്‍പ്പും പരുങ്ങലും കണ്ടപ്പോള്‍ ചോദ്യഭാവത്തില്‍ ഒന്ന് നോക്കി.
"അച്ചാ സ്കൂട്ടെറിന്റെ വണ്ടി....."
"സ്കൂട്ടെറിന്റെ വണ്ട്യാ??"
"അല്ല സ്കൂട്ടെറിന്റെ ചാവി......ഒന്ന് വേണം"
"നീയെന്താ ചാവീം കൊണ്ടാണോ സിനിമയ്ക്കു പോണത്?"
"അല്ല സ്കൂട്ടെറും കൊണ്ടാ"
"സ്കൂട്ടെറും കൊണ്ടോ!!!!" ആദ്യം മൂപ്പെരൊന്നു പകച്ചു, "നെന്റെ രാത്രി സഞ്ചാരം കുറെ കൂടുന്നുണ്ട്" ഇതിനര്‍ത്ഥം ചുള്ളാപ്പി സ്കൂട്ടെറും കൊണ്ട് പോയ്ക്കോളാന്‍ സമ്മതിച്ചിരിക്കുന്നു ആള്‍ക്ക് ഇങ്ങനെ സമ്മതിച്ചു തരാനേ അറിയൂ എന്താ ചെയ്യാ. ഞാനാകെ കോരിത്തരിച്ചുപോയി, ഗടിക്ക് ഇന്നെന്തരു പറ്റി എന്നാലോചിച്ച് ആകെ വണ്ടറടിച്ച് ഞാന്‍ ചാവിയെടുത്ത് സ്കൂട്ടെറിന്റെ നെഞ്ചത്ത് കുത്തികയറ്റി തിരിച്ചു സകല ദൈവങ്ങളെയും സ്മരിച്ച് സ്കൂട്ടെറിനെ മൂന്ന് പ്രാവശ്യം തോട്ടുതലേല്‍ വച്ച് കിക്കറലക്കി. ഒന്ന്...രണ്ട്...മൂന്ന്...നാല്...അഞ്ചാമത്തെ ആയപ്പോഴേക്കും അച്ച്ചന്‍ വായിച്ചു കൊണ്ടിരുന്ന പേപ്പറും മടക്കി താടിക്ക് കയ്യും കൊടുത്ത് എന്റെ യജ്ഞം കാണാനിരുന്നു. ഇതിന് ഒരു തിരുമാനമായിട്ട് മതി ഇനി പേപ്പറ് വായന. ഇന്നെന്തെങ്കിലും നടക്കും എന്ന് മൂപ്പര് കരുതികാണും, അതോ 'ഈ കുരുത്തം കെട്ടവന്‍ കാലെടുത്തു വച്ചു അതിന്റെ ഗതി ഇതായി' എന്ന് കരുതി കാണുമോ. എന്തായാലും പത്താമത്തെ ചവിട്ടലിന് പുലി ഒന്ന് ചാടി ഉഷാറായി, ദൈവാണേ സത്യം സ്റ്റാര്‍ട്ടായി.
ഞാന്‍ പടിക്കെലുത്തുമ്പോള്‍ എന്നെയും കാത്ത് ചാക്കു നടുറോട്ടില്‍ കുത്തിയിരിക്കുന്നുണ്ടായിരുന്നു. "ഇത് ഇത്ര പെട്ടെന്ന് സ്റ്റാര്‍ട്ടായോ" എന്ന അവന്റെ ചോദ്യം ഞാന്‍ മൈന്‍ഡ് ചെയ്തില്ല എന്ന് മാത്രമല്ല "വന്ന് കെര്‍റെക്കാ" എന്നമറി കൊണ്ട് കലിക്കുകയും ചെയ്തു.അങ്ങനെ ഞങ്ങള്‍ ദുര്‍ഗ്ഗയിലെത്തി വെള്ളമുണ്ടും വെള്ളഷര്‍ട്ടും ഇട്ട ലാലേട്ടന്റെ പോസ്റ്റെര്‍ ഞങ്ങളെ നോക്കി ചിരിച്ചു. ടിക്കെറ്റ് കൊടുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. വണ്ടി സ്റ്റാന്‍ഡില്‍ വച്ചിട്ട് ഞങ്ങള്‍ രണ്ടു പൊതി കപ്പലണ്ടിയും വാങ്ങിച്ച് കൊറിച്ചു തുടങ്ങി.
"പടം ചെമ്പ് പടാട്ടാ" കമന്റ് ഫ്രം ചാക്കു.
"അത് നെനക്കങ്ങനെ മനസ്സിലായി, നീ ഈ പടം കണ്ടിട്ട് ണ്ടാ"
"അതിന്റെ ആവശ്യം ഇല്ലല്ലോ, ലാലേട്ടന്‍റെ ആ നില്‍പ്പ് കണ്ടാ അറിഞ്ഞൂടെ, എന്തുട്ടാ ഗെറ്റപ്പ്"
ഞങ്ങള്‍ അങ്ങനെ പടത്തിന്റെ റിവ്യൂ നടത്തി കൊണ്ടിരിക്കുമ്പോള്‍ കണ്ണിനു കുളിര്‍മ്മയെകികൊണ്ട് നാലഞ്ച് കറുത്ത സുന്ദരികള്‍ വിത്ത് ഫാമിലി സിനിമ കാണാന്‍ വന്നത്. ലക്ഷം വീട് കോളനി ടീമാണ്, ലക്ഷം വീടെങ്കില്‍ ലക്ഷം വീട് ഞങ്ങള്‍ സ്കാനിംഗ് ആരംഭിച്ചു. ഞങ്ങളുടെ സ്കാനിംഗ് അങ്ങനെ തകൃതിയായി നടക്കുമ്പോളാണ്, അവരുടെ കൂടെ വന്ന മൈക്ക് ടൈസനെ പോലെയോരുത്തന്‍ ഞങ്ങളെ സ്കാന്‍ ചെയ്യുന്നത് കണ്ടത്. കരിങ്കല്‍ ക്വാറിയിലാണ് ഗടിടെ പണി എന്ന് ചുള്ളന്റെ കയ്യ് കണ്ടാല്‍ അറിയാം. ആമസോണ്‍ കാടുകള്‍ക്കിടയില്‍ ഒഴുകുന്ന ചെറുനദികളെ പോലെയുള്ള ചുള്ളന്റെ കയ്യിലെ ഞെരമ്പുകള്‍ വ്യക്തമായി ഞങ്ങള്‍ക്ക് കാണാം. ഞങ്ങള്‍ സ്കാനിംഗ് തല്‍ക്കാലം നിര്‍ത്തി വച്ചു. മൈക്ക് ടൈസന്‍ ചിലപ്പോള്‍ സ്കാനിങ്ങും കഴിഞ്ഞു അപലോടിംഗ് നടത്തിയാലോ, ലവന്‍റെ ലോഡിംഗ് ഞങ്ങളുടെ കിളുന്തു ബോഡി താങ്ങില്ല. വെറുതെ എന്തിനാ സിനിമ തീയേറ്ററിലെക്ക് വന്നിട്ട് ഓപറെഷന്‍ തീയേറ്ററിലെക്കുള്ള ടിക്കെറ്റെടുക്കുന്നത്.
ടിക്കെറ്റിനുള്ള ബെല്ലടിച്ചു, ടിക്കെറ്റെടുത്തു, അകത്തുകേറി പടം കണ്ടു, പടം വിട്ടു. നേരം മണി പാതിരാത്രി പന്ത്രണ്ടുമണി. സ്റ്റാന്ടീന്ന് സ്കൂട്ടെറെടുത്തപ്പോള്‍ ആണ് ചാകൂന് കലശലായ ഒരു മോഹം (അതിമോഹം) പിടിപെട്ടത്, സ്കൂട്ടെറോടിക്കണം!!!!. നേരെചൊവ്വേ സൈക്കിള് പോലും ഓടിക്കാനറിയാത്ത ചുള്ളന് പാതിരാത്രി പന്ത്രണ്ടുമണിക്ക് തന്നെ സ്കൂട്ടെറോടിക്കണം. "ഡാ പകലുവെളിച്ചത്തില് പോരെ" എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അവന്‍ ഒരു സിദ്ധാന്തം തന്നെ അവതരിപ്പിച്ചു,
"രാത്രി ഓടിക്കാന്‍ പഠിച്ചാലേ, പകല് വെള്ളം വെള്ളം പോലെ ഓടിക്കാം"
"ഒടുവില്‍ വെള്ളത്തിലാവുമോ"
"ഇല്ലെടെക്കാ ഞാനില്ലേ കൂടെ, ആണുങ്ങളായാല്‍ കുറച്ചു ധൈര്യം വേണം" വീണ്ടും അവന്റെ ബൂസ്റ്റും, ഹോര്‍ലിക്ക്സും.
ആദ്യം എനിക്കങ്ങോട്ട് ധൈര്യം വന്നില്ലെങ്കിലും, പിന്നീട് എന്നിലെ ആശാന്‍ സടകുടഞ്ഞെഴുനേറ്റു. ഇവനെ ഇന്ന് സ്കൂട്ടെറോടിക്കാന്‍ പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. അതിനു മുന്‍പ് അല്‍പ്പം ഭൂമിശാസ്ത്രം, ആറങ്ങോട്ടുകര ടു തളി വരെയുള്ള മൂന്ന് മൂന്നര കിലോമീറ്റര്‍ റോഡ് ഒരുപാട് വളവും, തിരിവും, ഹെയര്‍പിന്നുകളും, ചെറിയ കയറ്റവും ഇറക്കവും, സര്‍വ്വോപരി എണ്ണിയാല്‍ തീരാത്തത്ര കുണ്ടും കുഴികളും നിറഞ്ഞ ഒരു റൂട്ടാണ്. ഇതിലൂടെ വണ്ടി ഓടിക്കാന്‍ അറിയുന്നവന് ഫോര്‍മുല വണ്‍ കാറോട്ടമത്സരമൊക്കെ പൂ പറിക്കണ പോലെ നിസ്സാരമായ ഒരു കാര്യമാണ്. സാക്ഷാല്‍ മൈക്കില്‍ ഷുമാക്കാര്‍ വരെ വള്ളം കുടിക്കും. ഈ റോട്ടില്‍ കൂടിയാണ് ഇവനെ വണ്ടി ഓടിക്കാന്‍ പഠിപ്പിക്കേണ്ടത്. ഇത്രയും വിവരിച്ചത്, ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു ഡേയ്ന്ജര്‍ മിഷന്‍ ആണ് എന്ന് മനസ്സിലാക്കി തരാനാണ്. പൊട്ടിയതോട് ജങ്ക്ഷന്‍ എത്തുന്നതിനു ഒരു കാല്‍ കിലോമീറ്റര്‍ മുന്‍പ് ഒരു ചെറിയ ഇറക്കം ഉണ്ട്, അതുകഴിഞ്ഞാല്‍ പൊടുന്നനെ ഇടത്തോട്ടും വലത്തോട്ടും ഉള്ള രണ്ടു വളവുണ്ട്. അതുകഴിഞ്ഞ് തൊട്ടടുത്ത് ഒരു ഹമ്പും അപ്രത്ത് ഒരു പോസ്റ്റും. ആ ഇറക്കം എത്തിയപ്പോഴേക്കും ഞാന്‍ അവന് വാണിംഗ് കൊടുത്തു, "ഡാ ഇറക്കമാണ് ബ്രേക്ക് കുറേശ്ശെ കൊടുക്ക്, ക്ലെച്ച് താങ്ങ്, ആക്സിലേറ്റര്‍ കൊടുക്കണ്ട തിരിവാണ് വരാന്‍ പോകുന്നത്" തുടങ്ങി ഞാന്‍ അവന് ഡീറ്റെയില്‍ ആയി തന്നെ കൊടുത്തു. ക്യാ ഫലം?, ഇടത്തെ തിരിവ് ചാട്ടൂളി പോലെ അവന്‍ വീശിയോടിച്ചെങ്കില്‍, വലത്തേ തിരിവ് അവന്‍ മോട്ടോറെയ്സ് ചലെഞ്ചറിലെ പോലെ കിടത്തിയിട്ടാ ഒടിച്ചത്.
"ഡാ തെണ്ടീ ഹമ്പ്, പോസ്റ്റിന്റെ മേലേക്ക് പോണു, ഇങ്ങട്ട് തിരിക്കടാ, ബ്രേക്ക് ചവിട്ട്" ഞാന്‍ അലറി.
അവന് എന്ത് ഹമ്പ്, എന്ത് പോസ്റ്റ്, രണ്ടും അവന്‍ ഒഴിവാക്കിയില്ല. ഹമ്പിന്റെ മുകളിലൂടെ ഇടിമിന്നല് കണക്കെ വണ്ടി പോസ്റ്റിന്റെ നേരെ പാഞ്ഞു. !!!പ്ടക്കേ!!!, ഞാനൊന്ന് മുകളിക്കുയര്‍ന്നു പോസ്റ്റിനെ കെട്ടിപിടിച്ചു താഴേക്ക് പോന്നു. പോരുന്ന പോക്കില്‍, ബാലരമയിലെ ഡിങ്കന്റെ ചിത്രകഥയിലുള്ള 'ഠമാര്‍ര്‍ര്‍ ' 'പടാര്‍ര്‍ര്‍' പോലെയുള്ള ശബ്ദങ്ങള്‍ ഞാന്‍ വ്യക്തമായി കേട്ടു. താഴെയെത്തിയ ഞാന്‍ കണ്ടത് എന്റെ തലയ്ക്കു ചുറ്റും പഞ്ചവര്‍ണ്ണത്തിലുള്ള ധാരാളം നക്ഷത്രങ്ങള്‍ പാറിപറന്നു നടക്കുന്നു. അതിന്റെ ഇടയില്‍ കൂടി ഞാന്‍ വെള്ളവസ്ത്രവും ഉടുത്തുകൊണ്ട് റ്റാ റ്റാ കാണിച്ചു മുകളിലേക്ക് പോകുന്നു. ദൈവമേ!!!! എന്റെ ആത്മാവ് റിലീസ് ആവുകയാണോ!!!......പോകരുത് പ്ലീസ്....ആത്മാവേ എന്നെ വിട്ടു പോകരുത്.....
"ഡാ ദരിദ്രെ, തെണ്ടീ....ഈ ആക്രി ഒന്ന് എടുത്ത് മാറ്റടാ പണ്ടാറെ...."
ങേ!!! ഇല്ല ഒന്നും സംഭവിച്ചില്ല, പക്ഷേ ഈ ശബ്ദം?? അതെ ലവന്റെ തന്നെ. തലക്ക് ചെറുതായിട്ടൊരു മരവിപ്പ് ഉണ്ട് എന്നതൊഴിച്ചാല്‍ എനിക്ക് കാര്യമായ പരിക്കില്ല. എണീറ്റ് നോക്കിയപ്പോള്‍ വണ്ടിയുടെ അടിയില്‍ കൊഞ്ച് കിടക്കണപോലെ മടങ്ങി കിടക്കുന്നു എന്റെ സ്റ്റുഡേന്റ്. ശബ്ദം കേട്ട് പരിസരത്തുള്ള വീടുകളിലെല്ലാം ലൈറ്റ് ഓണ്‍ ആയി. "എന്താപ്പോരു ഒച്ച കേട്ടെ, ആരപ്പാ ത്" തുടങ്ങിയ അനോണിമസ് കമന്റുകളുമായി ആരുടെയൊക്കെയോ തലവെട്ടം കണ്ടു തുടങ്ങി. തദ്വാര ഞങ്ങള്‍ക്കവിടെ തീരെ ചെറുതല്ലാത്ത കുറച്ചു ആരാധകരെ കിട്ടി. വണ്ടിക്ക് ഒന്നും പറ്റിയില്ല, കാരണം വണ്ടിക്കു പറ്റാനുള്ളത് മുഴുവന്‍ അവനു പറ്റിയിട്ടുണ്ട്. ഒരു സൈഡിലെ കൈകാല്‍ മുട്ടിന്റെ തൊലി നാളികേരം ചെരകിയതുപോലെയായിട്ടുണ്ട്. വണ്ടിയെടുത്തു മാറ്റി സൈഡിലേക്ക് വച്ചു തിരിഞ്ഞു നോക്കിയപ്പോള്‍, ഗഡി തലയ്ക്കു കൈ വച്ചിരിക്കുന്നുണ്ട്. പണ്ടാരടങ്ങാനായിട്ടു ഇനി അതിന് തലക്കുവല്ലതും പറ്റിയോ ദൈവമേ എന്ന് ടെന്‍ഷനടിച്ചു ചെന്ന് നോക്കിയപ്പോള്‍ വെളുക്കനെ ചിരിച്ചിരിക്കുന്നു ദ്രോഹി.
"എടാ എരണംകെട്ടവനെ നിന്നോട് ഞാന്‍ പച്ചമലയാളത്തിലല്ലേ പകല്‍ വെളിച്ചത്തില്‍ പഠിക്കാം എന്ന് പറഞ്ഞത്. ഇപ്പൊ സംതൃപ്തിയായില്ലേ" എന്ന് ചോദിച്ച് പല്ലിറിമ്മിയപ്പോള്‍. അവന്റെ ഉത്തരം കേട്ട് ഞാന്‍ തലയ്ക്കു കൈവചിരുന്നുപോയി.
"ത്പ്പോ പകലായാലും രാത്രിയായാലും വരാനുള്ളത് ന്തായാലും വരില്ലേ"
ശരിയാ വരാനുള്ളത് വഴിയില്‍ തങ്ങില്ല.
