2012 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മണ്ഡലകാലം


പിലക്കാട് എന്ന എന്റെ ഗ്രാമത്തിനു ഒരു വശ്യ ഭംഗിയുണ്ട്. ഒരു പക്ഷെ ഇതിലും വലിയ സുന്ദരമായ പ്രകൃതി ഭംഗിയുള്ള ഗ്രാമങ്ങളും സ്ഥലങ്ങളും ഉണ്ടാകാം. കാക്കക്കും തന്‍ ബേബി പൊന്‍ ബേബി എന്ന് പറേണപോലെ, മ്മക്ക് മ്മടെ പിലക്കാട് കഴിഞ്ഞേ വേറൊരു സ്ഥലമുള്ളൂ. രാമന്കുളങ്ങര അയ്യപ്പങ്കാവ് അമ്പലവും കുളവും ആ ആലും, വായനശാല, ഭാസ്കര്‍പടി അല്ലെങ്കില്‍ ഭാസ്കര്‍മുക്ക് എന്ന് എല്ലാ പിലക്കാടന്മാരും ലവ്പുരസരം ചെല്ലപേരിട്ട് വിളിക്കുന്ന, ഭാസ്കരേട്ടന്‍ ടീ സ്റ്റാളും ഉണ്ണിയേട്ടന്റെ വെജിറ്റബിള്‍ കം സ്റ്റേഷനറി സുപ്പെര്‍മാര്‍ക്കെറ്റും ഉണ്ണ്യാര്ടെ ഡിഫറന്റ്ഗുട്സ്ഷോപ്പും (പലചരക്ക് കട) അടങ്ങുന്ന ഒരു ചെറിയ കവല, പിന്നെ വട്ടം കൂടി വെടി പറഞ്ഞിരിക്കുന്ന പിലക്കാടന്മാരുടെ സ്വന്തം ബസ്‌സ്റ്റൊപ്പും. ഇത്രയോക്കെയാണ് പിലക്കാട് എന്ന് പറയുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുക. അതിലിപ്പോ വായനശാലയുടെ പഴേ സമുച്ചയം മൂന്നാറില് ജെസിബി നെരങ്ങ്യെ പോലെ തകര്‍ത്തു തരിപ്പണമാക്കി അവിടെ ഇപ്പോള്‍ പുതിയ കെട്ടിടം പണിതു ഫോര്‍ ഹോമിയോപതി ചികിത്സാലയം. അതേ കൊമ്ബൌടില്‍ തന്നെ വായനശാലക്കുള്ള കെട്ടിടവും പുതിയതായി പണിതു. അക്ച്ച്യലി അവിടെ ഹോമിയോപതി ക്ലിനിക് അല്ല വരേണ്ടതെന്നും, അതുവന്നിട്ടു പഞ്ചായത്തിനു നയാപൈകാലണ കാര്യമില്ലെന്നും, അവിടെ വരേണ്ട മഹാ സംരഭം 'ബിവറേജസ് കോര്‍പറെഷന്റെ" സ്ഥാപനമാണെന്നും, അതുവന്നാല്‍ പിലക്കാടിന്റെ മുഖച്ഛായ തന്നെ മാറുമെന്നും ആണ് ചില ഇകെണോമിക്സ് റിസേര്‍ച് സയന്റിസ്റ്റുകള്‍ ആയ സ്ഥലം ആസ്ഥാന ഡ്രിങ്കന്മാരുടെ അഭിപ്രായം. ഡ്രിങ്കന്‍മാരുടെ അഭിപ്രായമല്ലേ അതിനു തറവിലപോലും നല്‍കിയില്ല."അല്ലെങ്കിലും മഹത് വചനങ്ങള്‍ പില്‍ക്കാലങ്ങളിലേ ശ്രദ്ധിക്കപെടൂ" എന്നുള്ള ഒരു സെല്‍ഫ് കോണ്ഫിടെന്‍സ് കൊണ്ട് ആശ്വാസം കൊള്ളുകയാണിപ്പോള്‍ അവര്‍.

ഇതിലിപ്പോള്‍ ഒന്നാം സ്ഥാനം കൊടുക്കാവുന്നത് അയ്യപ്പങ്കാവ് അമ്പലത്തിനും കുളത്തിനും ആ ആലിനും ആണ്. പിലക്കാടന്മാരുടെ സിന്ദഗിയില്‍ മഹനീയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അയ്യപ്പങ്കാവ് ക്ഷേത്രവും പരിസരവും. പിലക്കാട് രാമന്കുളങ്ങര പൂരത്തിന് എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന, കിഴക്കുമുറി, പടിഞ്ഞാട്ടുമുറി, തെക്കുമുറി, വരവൂര്‍ വിഭാഗങ്ങളുടെ പൂരത്തിന്റെ കലാശപോരാട്ടം നടക്കുന്നത് ഈ തിരുസന്നിധിയില്‍ വച്ചിട്ടാണ്. മണ്ടലമാസത്തിന്റെ ആരംഭത്തോടുകൂടി രാവിലെയും വൈകീട്ടും അയ്യപ്പങ്കാവ് അമ്പലപരിസരം ശരണമന്ത്രധ്വനികളാല്‍ ശബ്ദമുഖരിതമാവും. അതിന്റെ കൂടെ അമ്പലത്തില്‍ നിന്നും ഒഴുകിവരുന്ന അയ്യപ്പസ്തുതിഗീതങ്ങള്‍,  ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസിന്‌ ഒരു കുളിരും നവോന്മേഷവും അനുഭവപെട്ടതുപോലെ. പാടത്തെ കളിയും കഴിഞ്ഞ് നേരെ ചെന്ന് രാമന്കുളത്തിലേക്ക് ഒരു ചാട്ടമുണ്ട്, കാലിന്റെ പെരുവിരല്‍ തൊട്ടു ഉച്ചാംതല വരെ അറിയാം അതിന്റെ കുളിര്‍മ്മ. ഒരു തിമിര്‍ക്കല് കഴിയുമ്പോഴേക്കും ദീപാരാധനക്കുള്ള സമയമായിട്ടുണ്ടാകും. കുളിച്ചു തോര്‍ത്തി ഈറനും ഉടുത്ത് ആദ്യത്തെ ദീപാരാധനക്ക് തന്നെ ഉണ്ടാകും മേജര്‍ പിലക്കാടന്‍മാര്‍ തൊട്ടു ചെറു സ്ക്രാപ്പ് പിലക്കാടന്‍മാര്‍ വരെയുള്ള സ്വാമിമാര്‍.

മണ്ടലമാസത്തില് അയ്യപ്പങ്കാവില്‍ നാല്‍പ്പത്തിയൊന്നു ദിവസവും ചുറ്റുവിളക്ക് ഉണ്ടാകും. ഊഴം വച്ച് പിലക്കാട്ടെ ഓരോ വീട്ടുകാരായിരിക്കും ചുറ്റുവിളക്ക് വഴിപാട് കഴിക്കുക. വൈകീട്ട് നട തുറക്കുന്നതിനു മുന്നേ തന്നെ ചുറ്റുവിളക്ക് നടത്തേണ്ട വീട്ടുകാര്‍ അമ്പലത്തില്‍ എത്തി അമ്പലവും, കല്‍വിളക്കുകളും, ശ്രീകോവിലിന്റെ ചുറ്റുമുള്ള വിളക്കുകളും എല്ലാം വൃത്തിയാക്കി എണ്ണയിട്ടു തിരിതെളിയിച്ചു വക്കും. പൊന്‍പ്രഭയില്‍ മുങ്ങി നില്‍ക്കുന്നത് പോലെ തോന്നും അപ്പോള്‍ അയ്യപ്പങ്കാവ്. ചുറ്റുവിളക്കിനോടനുബന്ധിച്ച് ദീപാരാധന കഴിഞ്ഞാല്‍, പായസ്സവിതരണവും നാളികേരം ഉടക്കലും ഉണ്ടാകും. ബഹുകേമാണ് നാളികേരം ഉടക്കല്‍ പരിപാടി. നാളികേരം ഉടക്കുന്ന കല്ലിനു ചുറ്റും നിരന്നുനില്‍ക്കും യുവപിലക്കാടന്മാര്‍. നാളികേരം ഉടക്കുന്നത് പ്രധാനതന്ത്രി ശ്രീ കണ്ടര് എളേതര്. താനൊരു സംഭവം ആണെന്നും ഇപ്പൊ ചെയ്യാന്‍ പോകുന്ന നാളികേരം ഉടക്കല്‍ കര്‍മ്മം മറ്റൊരു മഹാസംഭവം ആണെന്നും, അത് ഭൂമിമലയാളത്തില്‍ താനൊഴികെ വേറൊരു സംഭവത്തിനും ചെയ്യാന്‍ പറ്റില്ല എന്നുമായിരിക്കും അപ്പോഴത്തെ മൂപ്പരുടെ മുഖഭാവം. 'കൂകാ...കൂകാ...കൂകാ' എന്ന് ഓര്‍ഡര്‍ ചെയ്തിട്ടായിരിക്കും ചുള്ളാപ്പി നാളികേരം ഉടക്കാന്‍ വരിക, അതേ താളത്തില്‍ 'പൂയ്...പൂയ്...പൂയ്' എന്ന് കൂക്കികൊണ്ട് പിലക്കാടന്മാര്‍ ഗംഭീര പ്രോത്സാഹനവും കൊടുക്കും മൂപ്പര്‍ക്ക്. ആക്ച്വലി ഇങ്ങനെ കൂക്കിയാല്‍ മാത്രമേ മൂപ്പര്‍ക്ക് നാളികേരം ഉടക്കാന്‍ ഒരു മൂഡ്‌ വരികയുള്ളൂ. നാളികേരം ഉടച്ചു കഴിഞ്ഞ അതേ സെക്കന്റില്‍ പിന്നെ ഒരു എരമ്പലാണ് തെങ്ങാപൂളുകള്‍ കൈക്കലാകാന്‍. വഴീല് വെറുതെ ഒരു തേങ്ങ കണ്ടാല്‍ പോലും ഒന്ന് എടുത്ത് നോക്കാത്ത പിലകാടന്മാര്‍ ഈ തെങ്ങാപൂളുകള്‍ കിട്ടാന്‍ വേണ്ടി കാണിക്കുന്ന സാഹസം (ആക്രാന്തം) കണ്ടാല്‍ 'വെള്ളാനകളുടെ നാട്ടില്‍' പപ്പുവിന്റെ ധീരതക്കുള്ള അവാര്‍ഡ് തിരിച്ചു വാങ്ങി ഇവര്‍ക്ക് കൊടുക്കും. 

രാജന്‍ എളേത്, അയ്യപ്പങ്കാവിലെ താന്ത്രികന്‍, അഞ്ചടി രണ്ടിച്ചു പൊക്കം, ബ്രൂസ്‌ലി കാവിമുണ്ടുടുത്തപോലത്തെ വേഷവും ലുക്കും, നാലുപാടും നോക്കി ഓടി രക്ഷപെടാനുള്ള വഴി കണ്ടുപിടിച്ചിട്ടേ ഇപ്പൊ നാളികേരം ഉടക്കാറുള്ളൂ. അത് മൂപ്പര്‍ക്ക് പറ്റിയ ചെറിയ ഒരു അനുഭവത്തിന്റെ ആഫ്റ്റെര്‍ ഇഫ്ഫെക്റ്റ് ആണ്. അന്നത്തെ ചുറ്റുവിളക്കിന് പിലക്കാടന്മാരുടെ എണ്ണം പതിവിലും കൂടുതല്‍ ആയിരുന്നു. പതിവുപോലെതന്നെ ചുള്ളന്‍ 'കൂകാ...കൂകാ...കൂകാ' എന്നും പറഞ്ഞുകൊണ്ടുവന്നു 'പൂയ്...പൂയ്...പൂയ്' എന്ന് കൂക്കികൊണ്ട് പിലക്കാടന്മാരും പിന്താങ്ങി. നാളികേരം രണ്ടു മൂന്ന് പ്രാവശ്യം മുകളിലേക്ക് അമ്മാനമാട്ടി ഗഡി ഉന്നം നോക്കി, ഒരൊറ്റ ഏറു. പിലക്കാടന്മാര്‍ എരമ്പി, ആള്‍ടെ ഒരു ബെസ്റ്റ് ടൈം നോക്കണേ!!!. ഒരു ചെറിയ കഷ്ണം നാളികേരം മൂപ്പരുടെ കാലിന്റെ അടുത്ത് വന്നു വീണു. "ഏയ്‌ തെന്താപ്പത്" എന്ന് ആത്മഗതം പറഞ്ഞു ജസ്റ്റ്‌ ഒന്ന് താഴേക്ക്‌ നോക്കി തലയുയര്‍ത്തിയ മൂപ്പര് കണ്ടത് തനിക്ക് നേരെ പാഞ്ഞടുക്കുന്ന ഒരു സുനാമി ആയിരിക്കണം. മോര്‍ണിംഗ്ഷോക്ക് തൃശ്ശൂര്‍ രാഗത്തിന്റെ ഗേറ്റ് തുറക്കുമ്പോള്‍ മുന്‍പില്‍പെട്ട ലോക്കല്‍ ഡോഗിനെ പോലെ ഗഡി ഉഴറി. എന്താണ് സംഭവിച്ചത് എന്ന് മൂപ്പെര്‍ക്ക് പിടികിട്ടുന്നതിനുമുന്നെ ആള്‍ടെ രണ്ടുകാലും പിലക്കാടന്മാരുടെ പിടിയില്‍ ആയി. !!!!ഊഊഉയ്യ്യ്യ്യ!!!! ദാ കെടക്കുന്നു ചുള്ളന്‍ മലച്ചു വെട്ടി താഴെ. മലര്‍ന്നു കിടന്നു ചുള്ളന്‍ നക്ഷത്രങ്ങളുടെ സെന്‍സസ് എടുത്തിരിക്കണം. ആക്ച്വലി വീണതില്‍ മൂപ്പെര്‍ക്ക് ഇത്ര വിഷമം ഉണ്ടായില്ല, ഇത് ഇപ്പൊ മറ്റുള്ളവര്‍ തൊട്ടു ആശുദ്ധമാക്കിയില്ലേ, ശ്രീകോവിലില്‍ കേറണമെങ്കില്‍ കുളിക്കണ്ടേ, അതും തണുത്തു വെറുങ്ങലിക്കുന്ന മകരമാസത്തില്, അതാണ്‌ ആളെ വിഷമിപ്പിച്ചത്. അവിടുന്ന് എണീറ്റ്‌ കുളിക്കാന്‍ പോയത് ഒരക്ഷരം മിണ്ടാതെയായിരുന്നു പാവം.

കുളി കഴിഞ്ഞു വന്ന്, പായസ്സതിനുവേണ്ടി ബിവറേജസ് ഷോപ്പില് ക്യു നില്‍ക്കണ പോലെ നിന്നിരുന്ന പിലക്കാടന്മാരുടെ മുന്നിലെ രാജന്‍ എളേത് അവര്‍കളുടെ പ്രകടനം ഉജ്ജ്വലമായിരുന്നു.

3 അഭിപ്രായങ്ങൾ:

  1. കോള്ളാം നന്നായിട്ടുണ്ട് ...........കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. സുപ്പെര്‍... നല്ല രചനകള്‍, അവസാനിക്കാത്ത പിലക്കാടന്‍ കഥകള്‍ ഇനിയും വരട്ടെ. ഈ പിലക്കാടന്‍ എന്നാ ആള്‍ ആരനെന്നരിയാല്‍ താല്പര്യം ഉണ്ട്.

    മറുപടിഇല്ലാതാക്കൂ