2012 ഡിസംബർ 6, വ്യാഴാഴ്‌ച

പകര്‍ച്ച


ഈ പകര്‍ച്ച പകര്‍ച്ച എന്ന് പറഞ്ഞാല്‍ ഇതാണ് പകര്‍ച്ച. വേഷപകര്‍ച്ച, ഭാവപകര്‍ച്ച, രൂപപകര്‍ച്ച, എലിപനി പകര്‍ച്ച, ചിക്കന്‍ഗുനിയ പകര്‍ച്ച എന്നിങ്ങനെ ഒരുപാട് പക്ര്ച്ചകള് മ്മക്ക് ഈ ഫൂമിയില്‍ കാണാന്‍ കഴിയും. പക്കെങ്കില് ഇബടെ അമ്മാതിരി ഒരു പകര്ച്ചയല്ല. ഇതാണ് കവുങ്ങ് പകര്‍ച്ച!!! അടക്ക ഇടാന്‍ കൂളിമാന്‍ കവുങ്ങിന്റെ മോളില് കേറുമ്പോള്‍ കാണിക്കുന്ന മേയ് വഴക്ക  പകര്‍ച്ച. കാണുന്നവര്‍ക്ക് നയനാന്ദകരം തരുന്ന ഒന്നൊന്നര അഭ്യാസ പകര്‍ച്ച. അറിയാത്തവര്‍ കേറി കാണിക്കുമ്പോള്‍ എട്ടിന്റെ പണികിട്ടുന്ന ഡേയ്ന്‍ജര്‍ പകര്‍ച്ച.

കൂളിമാന്‍!!!, ഉടുമ്പിനെ ചുട്ടെടുത്ത പോലെയുള്ള കാരിരുമ്പ് ശരീരം, പിലക്കാട്ടെ തെങ്ങ് ആന്‍ഡ്‌ കവുങ്ങ് കേറ്റ ചാമ്പ്യന്‍. പിലക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളികളുടെ ഇടയില്‍ ഉസൈന്‍ ബോള്‍ട്ട്. ഒളിമ്പിക്സില്‍ തെങ്ങുകയറ്റം എന്നൊരു അയിറ്റം ഉണ്ടെങ്കില്‍, ആ ഒളിമ്പിക്സില്‍ കൂളിമാന്‍ ഉണ്ടെങ്കില്‍, ഇന്ത്യക്ക് ഒരു സ്വര്‍ണ്ണ മെഡല്‍ കണ്ഫെമാണ്. അതും തെങ്ങെന്നു പറഞ്ഞാല്‍ സാധാരണ തെങ്ങോന്നുമല്ല കൂട്ടരേ. പിലക്കാടു മുളച്ച് തളി വഴി വളര്‍ന്ന് തല നടുവട്ടം എത്തി നില്‍ക്കുന്ന തരത്തിലുള്ള ഒന്നൊന്നര ഹിടുമ്പന്‍ തെങ്ങുകള്. ഇമ്മാതിരി തെങ്ങിന്റെ മുകളിലെക്കൊക്കെ മൂപ്പര്‍, മോന്തായത്തില്‍ കൂടി പല്ലി പായണപോലെയാണ് പാഞ്ഞു കേറുക. അതുപോലെ തന്നെയാണ് കവുങ്ങിനെ മേളിലുള്ള ഗഡീടെ അഭ്യാസം. ഒരു പ്രദേശത്തെ കവുങ്ങിന്റെ മുകളില്‍ കേറിയാല്‍ പിന്നെ ആ പ്രദേശത്തെ എല്ലാ കവുങ്ങിന്റെ തലയും തൊട്ട് തലോടിയിട്ടെ പഹയന്‍ ഭൂമിമലയാളം കാണുകയുള്ളൂ. മൂപ്പര്‍ അങ്ങിനെ പകര്‍ന്ന് പകര്‍ന്ന് പോകും. പണ്ട് ത്രിശ്ശൂര്‍ലെ തെക്കേ സ്റ്റാന്റ് മൈതാനത്ത് ജമിനി സര്‍ക്കസ് കാണാന്‍ പോയപ്പോള്‍ ന്താണാവോ?? അവിടെത്തെ സര്‍ക്കസ്സോന്നും ഒരു അഭ്യാസമായിട്ട് തോന്നിയില്ല, കാരണം ന്താ??. !!കൂളിമാന്റെ പകര്‍ച്ച!!.

ഒരു വെള്ള ഷര്‍ട്ട്‌, ഷര്‍ട്ടിന്റെ മൂന്ന് ബട്ടനുകള്‍ തുറന്നിട്ട്‌ കൂരനെന്ച് കാണിച്ചിരിക്കും. ഒരു ലുങ്കി, ചോക്കലേറ്റ് കളറില് കരിമ്പനടിച്ച ഒരു തോര്‍ത്തുമുണ്ട് തലേല്‍ കെട്ടീട്ടുണ്ടാകും. ചുണ്ടില്‍ ഒരു കാജ ബീഡി ഇത്രയുമായാല്‍ കൂളിമാനായി, മൂത്താരെ എന്ന് വിളിച്ച് പടിയിറങ്ങി ഒരു വരവുണ്ട്. പണ്ടൊക്കെ ഈ ചങ്ങായി വീട്ടിലേക്കു അടക്കയും തേങ്ങയും ഒക്കെ ഇടാന്‍ വരുമ്പോള്‍ കലിപ്പടിക്കുമായിരുന്നു. വേറൊന്നുമല്ല, സ്കൂള്‍ ഡെയ്സില്‍ ആകെകൂടി കിട്ടുന്ന ഒരു ശനിയും ഞായറും. ആ ദിവസം തിരഞ്ഞെടുത്ത് തന്നെ മൂപ്പര് പണിക്കു വരും തേങ്ങയും അടക്കയും ഒക്കെ ഇട്ടിട്ടു മൂപ്പരങ്ങോട്ടുപോകും, ഒന്ന് ക്രിക്കറ്റ്‌ കളിക്കാന്‍ പോകാന്‍ പോലും സമ്മതിക്കാതെ. ബാക്കി പണിയായ അടക്കയും തേങ്ങയും ചാക്കിലാക്കി ചുമന്നു കയ്യാലപ്പുറത്ത് കൊണ്ടിടണ ജോലി ഞങ്ങള്‍ ചെറു പൈതങ്ങള്‍ക്കായിരുന്നു. തീര്‍ന്നില്ല അടക്കയും തേങ്ങയും വെയിലത്ത് ഉണക്കാന്‍ വക്കുമ്പോള്‍ കാവലിരിക്കുക, കൊപ്ര ആട്ടാന്‍ പോകുക തുടങ്ങിയ സൈഡ് വര്‍ക്കുകള്‍ കൂടി ഇതിനോടനുബന്ധിച്ചു കടന്നു വരും, പറയാം പ്രസംഗിക്കാം ബാലവേല പാടില്ല അതിനെതിരെ പോരാടൂ എന്നൊക്കെ, പോരാടാനായിട്ടു അങ്ങോട്ട്‌ ചെന്നാല്‍ അടക്കക്കും കൊപ്രക്കും പകരം വെയിലത്ത് ഉണങ്ങുന്നത് ഞങ്ങ പൈതങ്ങളുടെ ബാഡിയായിരിക്കും. വല്യച്ചന്‍ നേരെ ഒന്ന് നോക്കിയാല്‍ മതി അപ്പ മൂത്രമൊഴിക്കും, വല്യച്ചനല്ല ഞങ്ങള്. ഇമ്മാതിരി പണിതരുന്ന ഇങ്ങേരോട് (കൂളിമാനോട്) പിന്നെ തളി സ്കൂളിലെ പൊറിഞ്ചു മാഷോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും കാണിക്കാന്‍ പറ്റില്ലല്ലോ. ബട്ട്‌ ലങ്ങേരുടെ കവുങ്ങ് പകര്‍ച്ച, അതിമനോഹരം!!, നയനാന്ദകരം!!.

പിലക്കാട്ടെ സിമ്പിള്‍ മാന്‍ ആണ് മേനോന്‍ കണാരേട്ടന്‍. എന്തും, ഏതും, എവിടെയും, എങ്ങനെയും, എല്ലാതും ഗഡിക്ക് സിമ്പിള്‍ മയമാണ്. പിലക്കാട്ടെ കലാസാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. രാമന്കുളങ്ങര പൂരത്തിന് വേണ്ടി സ്വന്തം ജീവിതം തീറെഴുതി കൊടുത്തയാള്‍. മരിച്ചു പണിയെടുക്കുന്ന ‌‍കഠിനാ‌‍‍‌ധ്വാനി തീറിന്റെ കാലാവധി കഴിഞ്ഞത് കൊണ്ടാണാവോ എന്തോ, ഇപ്പ മൂപ്പര് റിട്ടയറായി. ഇതൊക്കെ ആരെ കാണിക്കാനാ ഈ ചങ്ങായി ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ 'ആരെയൊക്കെയോ എന്തൊക്കെയോ കാണിക്കാനും കാണിച്ചു കൂട്ടാനുമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് നാട്ടുകാര് പറയും'. പക്ഷെ സത്യം ന്താ?? .. വെറും ആത്മാര്‍ഥത.

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ രാമന്കുളങ്ങര പൂരത്തിന്റെ പറയെടുപ്പ് ദിവസം. പിലക്കാടന്മാര്‍ ഒന്നടങ്കം  പൂരത്തിനെ നെഞ്ചിലേറ്റി പിലക്കാട്‌ ദേശത്തിലേക്കു ആവാഹിക്കുന്നതിന്റെ ആരംഭമായ സുദിനം. എല്ലാത്തിനും മുന്‍പില്‍ തന്നെയുണ്ട്‌ ആത്മാര്‍ഥതയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ കണാരേട്ടന്‍. ഒരു ആരവമായി പിലക്കാടന്മാരും. പറയെടുപ്പ് പനങ്ങാട്ടെ സരളെച്ചിടെ വീടെത്തിയപ്പോള്‍ എല്ലാവരും ഒന്നും കൂടി ഉഷാറായി. എന്തിനേറെ അതുവരെ പനി പിടിച്ച കോഴീനെ പോലെ നടന്നിരുന്ന പറക്ക് തൂക്കുവിളക്ക് പിടിക്കുന്ന ഇന്ദ്രാണി പപ്പേട്ടന്‍ വരെ സടകുടഞ്ഞെഴുനേറ്റു. 

"അതേയ് കണാരെട്ടോ പറേടെ മോളില് വക്കാള്ള പൂക്കുല കിട്ടീല്യേ....ആ കൂളിമാന്‍ ബാസ്സ്റൊപ്പിന്ടവടെ നിക്ക്ണ്ട് ത്രേ, ആളെ വിളിക്കാന്‍ പോയിട്ട്ണ്ട് ഒരഞ്ച് മിന്ട്ട്... ഒന്ന് നിക്കണേ" പറക്കുള്ള നെല്ലുമായി അമ്പത് പൈസേടെ പ്ലാസ്റിക്ക് കവറില് രണ്ടു കിലോ പോത്തെറച്ചി പോതിഞ്ഞപോലെയുള്ള ബാഡിയുമായി വീട്ടിനുള്ളില്‍ നിന്ന് വരുന്ന വഴി തന്നെ സരളേച്ചി മൊഴിഞ്ഞു.

"ശെന്താ സരളേ ത് ...ഈ നേരല്യാത്ത നേരത്ത് ഞ്ഞി പ്പോ അവനെ വിളിക്കാന്‍ ഓട്വാ .... ഇമ്മാതിരിള്ള സിമ്പിള് കാര്യത്തിന് ... ഇയ്യാ കത്തിട്ത്തെ.....ഇതക്കെ സിമ്പിളല്ലേ അയിനിപ്പോ അവനെന്തിനാ" രസീത് ബുക്ക്‌ അടുത്തുണ്ടായിരുന്ന ദാസപ്പേട്ടന് കൈമാറി വലത്തെ കയ്യൊന്നു കുടഞ്ഞു നീട്ടി ഇടത്തെ കൈകൊണ്ടു ഷര്‍ട്ടിന്റെ ഫുള്‍ കയ്യ് ഒന്ന് തെറുത്ത് കേറ്റി കണാരേട്ടന്‍ ഉഷാറുക്ക് ഉഷാറായി. ആരും തെറ്റിദ്ധരിക്കരുത് വെറും ആത്മാര്‍ത്ഥത മാത്രമാണ് ഇതിനു പിന്നില്‍.

"ഹേയ് മെന്‍നേ രസീത് കുറ്റി പിടിക്കണ പോലെല്ലാട്ട, വെര്‍തെ വേണ്ടാത്ത പണിക്ക് നിക്കണ്ട അവന്‍ വന്നിട്ട് ചെയ്തോട്ടെതക്കെ" ദാസപ്പേട്ടന്റെ ഹയിലി കോണ്ഫിഡന്‍ഷ്യല്‍ ആയ ഈ ഇന്‍ഫര്‍മേഷന്‍ വെറും ഒറ്റ ഡയലോഗില്‍ നിര്‍വീര്യമാക്കി കണാരേട്ടന്‍.

"ദാസപ്പോ ഇതിനക്കെ ഒരു നേക്ണ്ട്....അതറിഞ്ഞിട്ണ്ടെങ്കിണ്ടല്ല തക്കെ സിമ്പിളാ സിമ്പിള്...ആ നേക്കറിഞ്ഞാല്‍ മതി.....ഇപ്പ ശര്യാക്കി തരാം. എന്ന് മുഴുവന്‍ പറയുന്നതിന് മുന്പ് കത്തി കയ്യിലാക്കി അടുത്തുള്ള കവുങ്ങിന്റെ അടുത്തേക്ക് നടന്നു കഴിഞ്ഞു, ശീമ കൊന്നെടെ മേളില് വള്ളിമടലാരം കയറിയപോലെ ശരീരമുള്ള കണാരേട്ടന്‍, ഒരു വീര യോദ്ധാവിനെ പോലെ.

എല്ലാ പിലക്കാടന്മാരുടെയും കണ്ണുകള്‍ കണാരേട്ടന്റെ മേല്‍ കോണ്സന്‍ട്രേറ്റ് ആയി. ഒരു തരം ഭാര്‍ഗവീ നിലയത്തിലെ നിശബ്ദത അവിടെ തളം കെട്ടി. പെരുവിരലില്‍ നിന്നും മേലേക്ക് വന്ന ഒരു നേരിയ തരിപ്പോടുകൂടി എല്ലാവരും ആ കാഴ്ച കണ്ടു, കണാരേട്ടന്‍ സിമ്പിളായി അള്ളിപിടിച്ച് കവുങ്ങ് കേറുന്നു. കേറി കേറി തലപ്പത്തെത്തി, കേറിയ  കവുങ്ങിന്റെ പൂക്കുല സരളേച്ചിക്കൊത്ത മൊതലല്ലാത്തത് കൊണ്ടാണാവോ മൂപ്പര്‍ക്ക് ആ പൂക്കുല കണ്ണില്‍ പിടിച്ചില്ല. ചുറ്റിനും നോക്കിയപ്പോള്‍ തൊട്ടടുത്ത കവുങ്ങിന്റെ മേളില്‍ ഒരു യമണ്ടന്‍ പൂക്കുല, സരളേച്ചിക്ക് പത്തില്‍ പത്തു പൊരുത്തവും ചേര്‍ച്ച. പിന്നെ ഒട്ടും ആമാന്തിച്ചില്ല, കണാരേട്ടന്‍ കേറിയ കവുങ്ങിന്റെ തല  ചാഞ്ചാടുന്നത് പിലക്കാടന്മാര്‍ ഒരു ഉള്‍ക്കിടിലത്തോടെ കണ്ടു, കവുങ്ങിന്റെ തല ചാഞ്ചാടുന്നതിനനുസരിച്ചു പിലക്കാടന്മാരുടെയും തലകള്‍ ഏതോ ഒരു അദൃശ്യശക്തിയുടെ പ്രേരണപോലെ ചാഞ്ചാടാന്‍ തുടങ്ങി. 

ഒരു നിമിഷം!!!!!!!!

"ഇയ്യോയ്യോയ്യോയ്യോയ്യോ..............." !!പ്ധും!!

ഡിസ്കവറി ചാനലില്‍ ഒന്തൊക്കെ സ്ലോമോഷനില്‍ താഴേക്കു കരിയിലകള്‍ക്ക് മീതെ വീണു ഒന്ന് പൊങ്ങി വീണ്ടും  വീണപോലെ ചുള്ളന്‍ ഒന്ന് വീണു പൊങ്ങി തേരട്ട ചുരുണ്ട് കിടക്കണപോലെ കിടന്നു.

"അആ...താപ്പണ്ടായെ!!"......ഫസ്റ്റ് ലൈക്‌ ആന്‍ഡ്‌ കമന്റ്‌ പോസ്ടെഡ് ബൈ ദാസപ്പെട്ടന്‍

"ഞ്ഞിപ്പോ പൂക്കുലയ്ക്ക് ന്താപ്പോ ചെയ്യാ".......സെക്കന്റ്‌ കമന്റ് പോസ്ടെഡ് ബൈ സരളേച്ചി വിത്ത്‌ അണ്‍ലൈക്‌.

"ആ വരണ വരവില് ചങ്ങായിക്ക് പൂക്കുലേം കൊണ്ടരോരാര്‍ന്നില്ലേ"...ഇത് പോസ്ടിയത് ഇന്ദ്രാണി പപ്പേട്ടനായിരുന്നു. അതില്‍ ലൈകും അണ്‍ലൈകും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു നിരാശയുണ്ടായിരുന്നു.

"ന്താപ്പോ ങ്ങള് അന്തും കുന്തോല്ലാണ്ട് നിക്കണേ കൂട്ടരേ, പെട്ടെന്ന് പിടിക്കയിനെ....ങ്ങും പെട്ടെന്ന്" സ്ഥലകാലബോധം വീണ്ടെടുത്ത ദാസപ്പെട്ടന്‍ അലറി.

കേട്ടപാടെ പിലക്കാടന്മാര്‍ എല്ലാവരും ഓടിയെത്തി...അങ്ങനെ എല്ലാവര്ക്കും കൂടി ഒരു 'ഇര' ഇല്ലെങ്കിലും. തന്നാല്‍ കഴിയാവുന്ന വിധം എല്ലാവരും തന്റെ സഹകരണങ്ങള്‍ രേഖപെടുത്തി, കൊണ്ടോടി ഡിവൈന്‍ ഹോസ്പിറ്റലിലേക്ക്. വിദഗ്ധ പരിശോധനക്ക് ശേഷം ഡോക്ടര്‍ റിസള്‍ട്ട് കൊണ്ട് വന്നു. 'ഹേയ് പേടിക്കാനൊന്നും ഇല്ല, ഒരു കൊഴപ്പോം ഇല്ല...രണ്ടു കൈയും ഓടിഞ്ഞിട്ടുണ്ട് എന്നേയുള്ളൂ"

"അല്ല മെന്‍ന്നെ....ന്താ ശരിക്കും കവുങ്ങിന്റെ മണ്ടേല് ണ്ടായേ??" എന്ന ചോദ്യത്തിന്.

"കാല്‍കുലെഷന്‍ ഒന്ന് മിസ്സായതാ ന്റെ നായരേ....പ്ക്ഷേണ്ടല്ലാ കവുങ്ങിന്റെ മണ്ടെന്നു പിടിവിട്ടു എന്ന് തോനിയ നിമിഷണ്ടല്ല, ദോക്ക്യെ.... മ്മള് രണ്ടു കയ്യും കൊണ്ട് വായൂല് നന്നായങ്ങട്ട് തൊഴഞ്ഞു. അതുകൊണ്ട് ന്താണ്ടായെ?? ദോക്ക്യെ....സിമ്പിളായിട്ട് താഴേക്ക്‌ വന്ന്. അതോണ്ട് രണ്ടു കയ്യും മാത്രേ ഒടിഞ്ഞുള്ളൂ. ഇല്ലെങ്കിലിപ്പോ ന്തായേനെ??, മ്മളാരാ ആള്" ....... എന്ന ഉത്തരമാണ് നായരെട്ടന്റെ ചായക്കടെന്നു, ചായ സ്ട്രോ ഇട്ടു കുടിക്കുമ്പോള്‍ മൂപ്പര് ക്വാട്ട് ചെയ്തത്.

2 അഭിപ്രായങ്ങൾ: