2012 ഡിസംബർ 6, വ്യാഴാഴ്‌ച

പകര്‍ച്ച


ഈ പകര്‍ച്ച പകര്‍ച്ച എന്ന് പറഞ്ഞാല്‍ ഇതാണ് പകര്‍ച്ച. വേഷപകര്‍ച്ച, ഭാവപകര്‍ച്ച, രൂപപകര്‍ച്ച, എലിപനി പകര്‍ച്ച, ചിക്കന്‍ഗുനിയ പകര്‍ച്ച എന്നിങ്ങനെ ഒരുപാട് പക്ര്ച്ചകള് മ്മക്ക് ഈ ഫൂമിയില്‍ കാണാന്‍ കഴിയും. പക്കെങ്കില് ഇബടെ അമ്മാതിരി ഒരു പകര്ച്ചയല്ല. ഇതാണ് കവുങ്ങ് പകര്‍ച്ച!!! അടക്ക ഇടാന്‍ കൂളിമാന്‍ കവുങ്ങിന്റെ മോളില് കേറുമ്പോള്‍ കാണിക്കുന്ന മേയ് വഴക്ക  പകര്‍ച്ച. കാണുന്നവര്‍ക്ക് നയനാന്ദകരം തരുന്ന ഒന്നൊന്നര അഭ്യാസ പകര്‍ച്ച. അറിയാത്തവര്‍ കേറി കാണിക്കുമ്പോള്‍ എട്ടിന്റെ പണികിട്ടുന്ന ഡേയ്ന്‍ജര്‍ പകര്‍ച്ച.

കൂളിമാന്‍!!!, ഉടുമ്പിനെ ചുട്ടെടുത്ത പോലെയുള്ള കാരിരുമ്പ് ശരീരം, പിലക്കാട്ടെ തെങ്ങ് ആന്‍ഡ്‌ കവുങ്ങ് കേറ്റ ചാമ്പ്യന്‍. പിലക്കാട്ടെ തെങ്ങുകയറ്റ തൊഴിലാളികളുടെ ഇടയില്‍ ഉസൈന്‍ ബോള്‍ട്ട്. ഒളിമ്പിക്സില്‍ തെങ്ങുകയറ്റം എന്നൊരു അയിറ്റം ഉണ്ടെങ്കില്‍, ആ ഒളിമ്പിക്സില്‍ കൂളിമാന്‍ ഉണ്ടെങ്കില്‍, ഇന്ത്യക്ക് ഒരു സ്വര്‍ണ്ണ മെഡല്‍ കണ്ഫെമാണ്. അതും തെങ്ങെന്നു പറഞ്ഞാല്‍ സാധാരണ തെങ്ങോന്നുമല്ല കൂട്ടരേ. പിലക്കാടു മുളച്ച് തളി വഴി വളര്‍ന്ന് തല നടുവട്ടം എത്തി നില്‍ക്കുന്ന തരത്തിലുള്ള ഒന്നൊന്നര ഹിടുമ്പന്‍ തെങ്ങുകള്. ഇമ്മാതിരി തെങ്ങിന്റെ മുകളിലെക്കൊക്കെ മൂപ്പര്‍, മോന്തായത്തില്‍ കൂടി പല്ലി പായണപോലെയാണ് പാഞ്ഞു കേറുക. അതുപോലെ തന്നെയാണ് കവുങ്ങിനെ മേളിലുള്ള ഗഡീടെ അഭ്യാസം. ഒരു പ്രദേശത്തെ കവുങ്ങിന്റെ മുകളില്‍ കേറിയാല്‍ പിന്നെ ആ പ്രദേശത്തെ എല്ലാ കവുങ്ങിന്റെ തലയും തൊട്ട് തലോടിയിട്ടെ പഹയന്‍ ഭൂമിമലയാളം കാണുകയുള്ളൂ. മൂപ്പര്‍ അങ്ങിനെ പകര്‍ന്ന് പകര്‍ന്ന് പോകും. പണ്ട് ത്രിശ്ശൂര്‍ലെ തെക്കേ സ്റ്റാന്റ് മൈതാനത്ത് ജമിനി സര്‍ക്കസ് കാണാന്‍ പോയപ്പോള്‍ ന്താണാവോ?? അവിടെത്തെ സര്‍ക്കസ്സോന്നും ഒരു അഭ്യാസമായിട്ട് തോന്നിയില്ല, കാരണം ന്താ??. !!കൂളിമാന്റെ പകര്‍ച്ച!!.

ഒരു വെള്ള ഷര്‍ട്ട്‌, ഷര്‍ട്ടിന്റെ മൂന്ന് ബട്ടനുകള്‍ തുറന്നിട്ട്‌ കൂരനെന്ച് കാണിച്ചിരിക്കും. ഒരു ലുങ്കി, ചോക്കലേറ്റ് കളറില് കരിമ്പനടിച്ച ഒരു തോര്‍ത്തുമുണ്ട് തലേല്‍ കെട്ടീട്ടുണ്ടാകും. ചുണ്ടില്‍ ഒരു കാജ ബീഡി ഇത്രയുമായാല്‍ കൂളിമാനായി, മൂത്താരെ എന്ന് വിളിച്ച് പടിയിറങ്ങി ഒരു വരവുണ്ട്. പണ്ടൊക്കെ ഈ ചങ്ങായി വീട്ടിലേക്കു അടക്കയും തേങ്ങയും ഒക്കെ ഇടാന്‍ വരുമ്പോള്‍ കലിപ്പടിക്കുമായിരുന്നു. വേറൊന്നുമല്ല, സ്കൂള്‍ ഡെയ്സില്‍ ആകെകൂടി കിട്ടുന്ന ഒരു ശനിയും ഞായറും. ആ ദിവസം തിരഞ്ഞെടുത്ത് തന്നെ മൂപ്പര് പണിക്കു വരും തേങ്ങയും അടക്കയും ഒക്കെ ഇട്ടിട്ടു മൂപ്പരങ്ങോട്ടുപോകും, ഒന്ന് ക്രിക്കറ്റ്‌ കളിക്കാന്‍ പോകാന്‍ പോലും സമ്മതിക്കാതെ. ബാക്കി പണിയായ അടക്കയും തേങ്ങയും ചാക്കിലാക്കി ചുമന്നു കയ്യാലപ്പുറത്ത് കൊണ്ടിടണ ജോലി ഞങ്ങള്‍ ചെറു പൈതങ്ങള്‍ക്കായിരുന്നു. തീര്‍ന്നില്ല അടക്കയും തേങ്ങയും വെയിലത്ത് ഉണക്കാന്‍ വക്കുമ്പോള്‍ കാവലിരിക്കുക, കൊപ്ര ആട്ടാന്‍ പോകുക തുടങ്ങിയ സൈഡ് വര്‍ക്കുകള്‍ കൂടി ഇതിനോടനുബന്ധിച്ചു കടന്നു വരും, പറയാം പ്രസംഗിക്കാം ബാലവേല പാടില്ല അതിനെതിരെ പോരാടൂ എന്നൊക്കെ, പോരാടാനായിട്ടു അങ്ങോട്ട്‌ ചെന്നാല്‍ അടക്കക്കും കൊപ്രക്കും പകരം വെയിലത്ത് ഉണങ്ങുന്നത് ഞങ്ങ പൈതങ്ങളുടെ ബാഡിയായിരിക്കും. വല്യച്ചന്‍ നേരെ ഒന്ന് നോക്കിയാല്‍ മതി അപ്പ മൂത്രമൊഴിക്കും, വല്യച്ചനല്ല ഞങ്ങള്. ഇമ്മാതിരി പണിതരുന്ന ഇങ്ങേരോട് (കൂളിമാനോട്) പിന്നെ തളി സ്കൂളിലെ പൊറിഞ്ചു മാഷോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും കാണിക്കാന്‍ പറ്റില്ലല്ലോ. ബട്ട്‌ ലങ്ങേരുടെ കവുങ്ങ് പകര്‍ച്ച, അതിമനോഹരം!!, നയനാന്ദകരം!!.

പിലക്കാട്ടെ സിമ്പിള്‍ മാന്‍ ആണ് മേനോന്‍ കണാരേട്ടന്‍. എന്തും, ഏതും, എവിടെയും, എങ്ങനെയും, എല്ലാതും ഗഡിക്ക് സിമ്പിള്‍ മയമാണ്. പിലക്കാട്ടെ കലാസാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന് ഒറ്റവാക്കില്‍ പറയാം. രാമന്കുളങ്ങര പൂരത്തിന് വേണ്ടി സ്വന്തം ജീവിതം തീറെഴുതി കൊടുത്തയാള്‍. മരിച്ചു പണിയെടുക്കുന്ന ‌‍കഠിനാ‌‍‍‌ധ്വാനി തീറിന്റെ കാലാവധി കഴിഞ്ഞത് കൊണ്ടാണാവോ എന്തോ, ഇപ്പ മൂപ്പര് റിട്ടയറായി. ഇതൊക്കെ ആരെ കാണിക്കാനാ ഈ ചങ്ങായി ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ 'ആരെയൊക്കെയോ എന്തൊക്കെയോ കാണിക്കാനും കാണിച്ചു കൂട്ടാനുമാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് നാട്ടുകാര് പറയും'. പക്ഷെ സത്യം ന്താ?? .. വെറും ആത്മാര്‍ഥത.

അങ്ങനെയിരിക്കുന്ന കാലത്തിങ്കല്‍ രാമന്കുളങ്ങര പൂരത്തിന്റെ പറയെടുപ്പ് ദിവസം. പിലക്കാടന്മാര്‍ ഒന്നടങ്കം  പൂരത്തിനെ നെഞ്ചിലേറ്റി പിലക്കാട്‌ ദേശത്തിലേക്കു ആവാഹിക്കുന്നതിന്റെ ആരംഭമായ സുദിനം. എല്ലാത്തിനും മുന്‍പില്‍ തന്നെയുണ്ട്‌ ആത്മാര്‍ഥതയുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയ കണാരേട്ടന്‍. ഒരു ആരവമായി പിലക്കാടന്മാരും. പറയെടുപ്പ് പനങ്ങാട്ടെ സരളെച്ചിടെ വീടെത്തിയപ്പോള്‍ എല്ലാവരും ഒന്നും കൂടി ഉഷാറായി. എന്തിനേറെ അതുവരെ പനി പിടിച്ച കോഴീനെ പോലെ നടന്നിരുന്ന പറക്ക് തൂക്കുവിളക്ക് പിടിക്കുന്ന ഇന്ദ്രാണി പപ്പേട്ടന്‍ വരെ സടകുടഞ്ഞെഴുനേറ്റു. 

"അതേയ് കണാരെട്ടോ പറേടെ മോളില് വക്കാള്ള പൂക്കുല കിട്ടീല്യേ....ആ കൂളിമാന്‍ ബാസ്സ്റൊപ്പിന്ടവടെ നിക്ക്ണ്ട് ത്രേ, ആളെ വിളിക്കാന്‍ പോയിട്ട്ണ്ട് ഒരഞ്ച് മിന്ട്ട്... ഒന്ന് നിക്കണേ" പറക്കുള്ള നെല്ലുമായി അമ്പത് പൈസേടെ പ്ലാസ്റിക്ക് കവറില് രണ്ടു കിലോ പോത്തെറച്ചി പോതിഞ്ഞപോലെയുള്ള ബാഡിയുമായി വീട്ടിനുള്ളില്‍ നിന്ന് വരുന്ന വഴി തന്നെ സരളേച്ചി മൊഴിഞ്ഞു.

"ശെന്താ സരളേ ത് ...ഈ നേരല്യാത്ത നേരത്ത് ഞ്ഞി പ്പോ അവനെ വിളിക്കാന്‍ ഓട്വാ .... ഇമ്മാതിരിള്ള സിമ്പിള് കാര്യത്തിന് ... ഇയ്യാ കത്തിട്ത്തെ.....ഇതക്കെ സിമ്പിളല്ലേ അയിനിപ്പോ അവനെന്തിനാ" രസീത് ബുക്ക്‌ അടുത്തുണ്ടായിരുന്ന ദാസപ്പേട്ടന് കൈമാറി വലത്തെ കയ്യൊന്നു കുടഞ്ഞു നീട്ടി ഇടത്തെ കൈകൊണ്ടു ഷര്‍ട്ടിന്റെ ഫുള്‍ കയ്യ് ഒന്ന് തെറുത്ത് കേറ്റി കണാരേട്ടന്‍ ഉഷാറുക്ക് ഉഷാറായി. ആരും തെറ്റിദ്ധരിക്കരുത് വെറും ആത്മാര്‍ത്ഥത മാത്രമാണ് ഇതിനു പിന്നില്‍.

"ഹേയ് മെന്‍നേ രസീത് കുറ്റി പിടിക്കണ പോലെല്ലാട്ട, വെര്‍തെ വേണ്ടാത്ത പണിക്ക് നിക്കണ്ട അവന്‍ വന്നിട്ട് ചെയ്തോട്ടെതക്കെ" ദാസപ്പേട്ടന്റെ ഹയിലി കോണ്ഫിഡന്‍ഷ്യല്‍ ആയ ഈ ഇന്‍ഫര്‍മേഷന്‍ വെറും ഒറ്റ ഡയലോഗില്‍ നിര്‍വീര്യമാക്കി കണാരേട്ടന്‍.

"ദാസപ്പോ ഇതിനക്കെ ഒരു നേക്ണ്ട്....അതറിഞ്ഞിട്ണ്ടെങ്കിണ്ടല്ല തക്കെ സിമ്പിളാ സിമ്പിള്...ആ നേക്കറിഞ്ഞാല്‍ മതി.....ഇപ്പ ശര്യാക്കി തരാം. എന്ന് മുഴുവന്‍ പറയുന്നതിന് മുന്പ് കത്തി കയ്യിലാക്കി അടുത്തുള്ള കവുങ്ങിന്റെ അടുത്തേക്ക് നടന്നു കഴിഞ്ഞു, ശീമ കൊന്നെടെ മേളില് വള്ളിമടലാരം കയറിയപോലെ ശരീരമുള്ള കണാരേട്ടന്‍, ഒരു വീര യോദ്ധാവിനെ പോലെ.

എല്ലാ പിലക്കാടന്മാരുടെയും കണ്ണുകള്‍ കണാരേട്ടന്റെ മേല്‍ കോണ്സന്‍ട്രേറ്റ് ആയി. ഒരു തരം ഭാര്‍ഗവീ നിലയത്തിലെ നിശബ്ദത അവിടെ തളം കെട്ടി. പെരുവിരലില്‍ നിന്നും മേലേക്ക് വന്ന ഒരു നേരിയ തരിപ്പോടുകൂടി എല്ലാവരും ആ കാഴ്ച കണ്ടു, കണാരേട്ടന്‍ സിമ്പിളായി അള്ളിപിടിച്ച് കവുങ്ങ് കേറുന്നു. കേറി കേറി തലപ്പത്തെത്തി, കേറിയ  കവുങ്ങിന്റെ പൂക്കുല സരളേച്ചിക്കൊത്ത മൊതലല്ലാത്തത് കൊണ്ടാണാവോ മൂപ്പര്‍ക്ക് ആ പൂക്കുല കണ്ണില്‍ പിടിച്ചില്ല. ചുറ്റിനും നോക്കിയപ്പോള്‍ തൊട്ടടുത്ത കവുങ്ങിന്റെ മേളില്‍ ഒരു യമണ്ടന്‍ പൂക്കുല, സരളേച്ചിക്ക് പത്തില്‍ പത്തു പൊരുത്തവും ചേര്‍ച്ച. പിന്നെ ഒട്ടും ആമാന്തിച്ചില്ല, കണാരേട്ടന്‍ കേറിയ കവുങ്ങിന്റെ തല  ചാഞ്ചാടുന്നത് പിലക്കാടന്മാര്‍ ഒരു ഉള്‍ക്കിടിലത്തോടെ കണ്ടു, കവുങ്ങിന്റെ തല ചാഞ്ചാടുന്നതിനനുസരിച്ചു പിലക്കാടന്മാരുടെയും തലകള്‍ ഏതോ ഒരു അദൃശ്യശക്തിയുടെ പ്രേരണപോലെ ചാഞ്ചാടാന്‍ തുടങ്ങി. 

ഒരു നിമിഷം!!!!!!!!

"ഇയ്യോയ്യോയ്യോയ്യോയ്യോ..............." !!പ്ധും!!

ഡിസ്കവറി ചാനലില്‍ ഒന്തൊക്കെ സ്ലോമോഷനില്‍ താഴേക്കു കരിയിലകള്‍ക്ക് മീതെ വീണു ഒന്ന് പൊങ്ങി വീണ്ടും  വീണപോലെ ചുള്ളന്‍ ഒന്ന് വീണു പൊങ്ങി തേരട്ട ചുരുണ്ട് കിടക്കണപോലെ കിടന്നു.

"അആ...താപ്പണ്ടായെ!!"......ഫസ്റ്റ് ലൈക്‌ ആന്‍ഡ്‌ കമന്റ്‌ പോസ്ടെഡ് ബൈ ദാസപ്പെട്ടന്‍

"ഞ്ഞിപ്പോ പൂക്കുലയ്ക്ക് ന്താപ്പോ ചെയ്യാ".......സെക്കന്റ്‌ കമന്റ് പോസ്ടെഡ് ബൈ സരളേച്ചി വിത്ത്‌ അണ്‍ലൈക്‌.

"ആ വരണ വരവില് ചങ്ങായിക്ക് പൂക്കുലേം കൊണ്ടരോരാര്‍ന്നില്ലേ"...ഇത് പോസ്ടിയത് ഇന്ദ്രാണി പപ്പേട്ടനായിരുന്നു. അതില്‍ ലൈകും അണ്‍ലൈകും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരു നിരാശയുണ്ടായിരുന്നു.

"ന്താപ്പോ ങ്ങള് അന്തും കുന്തോല്ലാണ്ട് നിക്കണേ കൂട്ടരേ, പെട്ടെന്ന് പിടിക്കയിനെ....ങ്ങും പെട്ടെന്ന്" സ്ഥലകാലബോധം വീണ്ടെടുത്ത ദാസപ്പെട്ടന്‍ അലറി.

കേട്ടപാടെ പിലക്കാടന്മാര്‍ എല്ലാവരും ഓടിയെത്തി...അങ്ങനെ എല്ലാവര്ക്കും കൂടി ഒരു 'ഇര' ഇല്ലെങ്കിലും. തന്നാല്‍ കഴിയാവുന്ന വിധം എല്ലാവരും തന്റെ സഹകരണങ്ങള്‍ രേഖപെടുത്തി, കൊണ്ടോടി ഡിവൈന്‍ ഹോസ്പിറ്റലിലേക്ക്. വിദഗ്ധ പരിശോധനക്ക് ശേഷം ഡോക്ടര്‍ റിസള്‍ട്ട് കൊണ്ട് വന്നു. 'ഹേയ് പേടിക്കാനൊന്നും ഇല്ല, ഒരു കൊഴപ്പോം ഇല്ല...രണ്ടു കൈയും ഓടിഞ്ഞിട്ടുണ്ട് എന്നേയുള്ളൂ"

"അല്ല മെന്‍ന്നെ....ന്താ ശരിക്കും കവുങ്ങിന്റെ മണ്ടേല് ണ്ടായേ??" എന്ന ചോദ്യത്തിന്.

"കാല്‍കുലെഷന്‍ ഒന്ന് മിസ്സായതാ ന്റെ നായരേ....പ്ക്ഷേണ്ടല്ലാ കവുങ്ങിന്റെ മണ്ടെന്നു പിടിവിട്ടു എന്ന് തോനിയ നിമിഷണ്ടല്ല, ദോക്ക്യെ.... മ്മള് രണ്ടു കയ്യും കൊണ്ട് വായൂല് നന്നായങ്ങട്ട് തൊഴഞ്ഞു. അതുകൊണ്ട് ന്താണ്ടായെ?? ദോക്ക്യെ....സിമ്പിളായിട്ട് താഴേക്ക്‌ വന്ന്. അതോണ്ട് രണ്ടു കയ്യും മാത്രേ ഒടിഞ്ഞുള്ളൂ. ഇല്ലെങ്കിലിപ്പോ ന്തായേനെ??, മ്മളാരാ ആള്" ....... എന്ന ഉത്തരമാണ് നായരെട്ടന്റെ ചായക്കടെന്നു, ചായ സ്ട്രോ ഇട്ടു കുടിക്കുമ്പോള്‍ മൂപ്പര് ക്വാട്ട് ചെയ്തത്.

2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

വെള്ളാരംകല്ലും, പെട്രോള്‍ടാങ്കും


കോമ്പിയത്തെ അപ്പുണ്ണി, സഹൃദയന്‍, സരസന്‍, സല്‍സ്വഭാവി എന്നീ ത്രിഗുണങ്ങളോട് കൂടിയവന്‍, ത്രിഗുണന്‍ കാട്ടുറമ്മ് വെള്ളം ചേര്‍ക്കാതെ കുടിച്ച് കണ്ണ് തള്ളി കരുത്ത് തെളിയിച്ച പരാക്രമശാലി, പഞ്ചായത്ത് മേളയിലെ ക്രോസ് കണ്ട്രി മത്സരത്തില്‍ സൈക്ലിന്മേല്‍ കേറി ലാസ്റ്റ് എത്തിയവന്‍, തേവര്‍ ഇരുത്തിപറമ്പ് ശിവക്ഷേത്രത്തിലെ ശിവരാത്രിക്ക് നാടകത്തിന് അബലനായകനെ അവതരിപ്പിച്ച് സ്ത്രീ ഹൃദയങ്ങളുടെ സിംപതിയും ആരാധനയും, പുരുഷ ഹൃദയങ്ങളുടെ തലോടലും പിടിച്ചു പറ്റിയവന്‍, ഇങ്ങനെ ഒരു പാട് വേള്‍ഡ് റെകോര്‍ഡുകള്‍ സ്വന്തം പേരില്‍ ക്രെഡിറ്റ്‌ ആക്കിയവന്‍. ഗഡിടെ വിശേഷണങ്ങള്‍ ഇരുപതു പേജില്‍ കവിയാതെ ഉപന്യസിക്കാന്‍ പറഞ്ഞാല്‍ ഏതൊരു പിലക്കാടനും മണിമണി പോലെ സാധിക്കും. ഈ ചുള്ളനെ ഒരു ദിവസം വൈകീട്ട് കളി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ എടോഴില് വച്ച് അണലി കടിച്ചു. ഒന്ന് പേടിച്ച് മരണവെപ്രാളം കാട്ടി വീട്ടുകാരെയും നാട്ടുകാരെയും പേടിപ്പിച്ചു എന്നല്ലാതെ ചുള്ളന്‍ ഇപ്പോഴും പയറുപയര്‍ പോലെ നാട്ടില്‍ വിലസുന്നുണ്ട്. കടിച്ച അണലി പിന്നീട് നെഞ്ചും തല്ലി ചത്തു എന്നാണ് നാട്ടിലെ ബിബിസി കം കിംവദന്തികളുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തദ്വാര അണലി എന്ന നാമം നാട്ടുകാരുടെ വക ടിയാന്റെ പേരിനു മുന്നില്‍ ചേര്‍ക്കപ്പെട്ടു. അങ്ങനെ അപ്പുണ്ണി, അണലി അപ്പുണ്യായി.

സ്കൂള്‍ ഡേയ്സും, കോളേജ് ഡേയ്സും കഴിഞ്ഞ് എല്ലാ യുവ കോമള പിലക്കാടന്മാരെയും പോലെ വായനശാലെടെ പിന്നിലെ പറമ്പില്‍ റമ്മടിയും, റമ്മി കളിയും, പരല് കളിയും കൂടെ സിസ്സര്‍ ഫില്‍ടര്‍ ആന്‍ഡ്‌ കാജാബീടി വലിയും നടത്തി ആര്‍മാദിച്ചു ആഹ്ലാദിച്ചു നടന്നിരുന്ന അപ്പുണ്ണിയുടെ യുവ കാലഘട്ടം. ഏതൊരു നാട്ടിന്‍പുറത്തെയും നാട്ടുകാരുടെ പോലെ പിലക്കാട്ടെ നാട്ടുകാരും അപ്പുണ്ണിയെ ഒരു ഉത്തരവാദിത്വമുള്ള ഉത്തമ പിലക്കാടന്‍ പൌരനാക്കാനുള്ള ഭാരിച്ച ദൌത്യം ഏറ്റെടുത്തു. തന്ഫലമായി അപ്പുണ്ണിക്ക് സ്വന്തം നാട്ടുകാരോട് കൈരളി ടിവിയില്‍  ജി എസ് പ്രദീപ്‌ നടത്തിയിരുന്നത് പോലെയുള്ള ഒരു റിവേര്‍സ് ക്വിസ് മത്സരം തന്നെ നടത്തേണ്ടി വന്നു. 

"പഠിപ്പൊക്കെ കഴിഞ്ഞോ അപ്പുന്ന്യേ??"

"ഉവ്വ"

"ജോലീം കൂലീം ഒന്നും ആയില്യെ??"

"ഇല്യാ"

"ജോലി നോക്ക് ണ് ല്യേ??

"ണ്ട്"

"ന്നാ പെട്ടെന്ന് നോക്ക്വാ. വീട്ടില് നീയ്യോരുത്തനല്ലേ ഉള്ളോ"

"ഉവ്വ"

ഇമ്മാതിരി ചൊറിയണ ചോദ്യങ്ങള്‍ കേട്ടു കേട്ട് അപ്പുണ്ണിയുടെ തല ആങ്കര്‍ സ്വിച്ചിന്റെ പരസ്യത്തിലെ ചേട്ടന് ഷോക്കടിച്ചപോലെയായി തീര്‍ന്നു. "ഇവറ്റക്കൊക്കെ എന്തിന്റെ കുരു പൊട്ടലാണ്, വല്ല തൊയിരംണ്ടോ, എത്ര ഇടിമിന്നല് പാഴായി പോണ്ട്, ഒരെണ്ണം ഇവറ്റടെ തലേല് വീണെങ്കി" തുടങ്ങിയ തന്റെ സ്വര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുന്ന നാട്ടുകാരോടുള്ള അവന്റെ സഹന ശക്തിയുടെ നെല്ലിപലക കണ്ട നെടുവീര്‍പ്പോടെയുള്ള പ്രതികരണങ്ങള്‍, നാട്ടുകാര് കേട്ടിലെങ്കിലും ഞങ്ങളൊക്കെ അതിന്റെ സാക്ഷികളാ.

ആദ്യമൊക്കെ ദൂരദര്‍ശനില് ഞായറാഴ്ച മലയാളം പടം വന്നിരുന്ന പോലെയുള്ള നാട്ടുകാരുടെ ചോദ്യശരങ്ങള്‍, പിന്നീട് ഏഷ്യാനെറ്റിലും സൂര്യയിലും സൂപ്പര്‍ ഹിറ്റ്‌ പടങ്ങളുടെ ഇടയില്‍ വന്നിരുന്ന പരസ്യങ്ങളുടെ പോലെയായി. ഓരോ ചോദ്യങ്ങളും ചാട്ടൂളിപോലെ അപ്പുണ്ണിയുടെ ചങ്കില്‍ തറച്ചു. ഓരോ ദിവസവും അവന്‍ നീറി നീറി പൊകഞ്ഞു. ദിവസം ചെല്ലുതോറും താനൊരു കൊലപാതകിയാവനുള്ള അവസരം എറിവരുന്നതുകൊണ്ടോ, നാട്ടുകാരുടെ ദൌത്യം വിജയിച്ചത് കൊണ്ടോ അതോ കുടുംബം നോക്കണം പ്രാരാബ്ദം തലേലെറ്റണം അതിനു ജോലീം കൂലീം വേണം എന്ന ഭീകര ചിന്തകള്‍ക്ക് അടിമപെട്ടത്‌ കൊണ്ടോ എന്താന്നറിയില്ല അപ്പുണ്ണിയും ഒരു ജ്വാലികാരനാവാന്‍ തിരുമാനിച്ചു. ഇനി ഇപ്പൊ ജോലില്ലെങ്കിലും കൂലികിട്ടിയാല്‍ മതി എന്ന നിലപാടിലായിരുന്നു അപ്പുണ്ണി. പക്ഷെ അതൊരു തത്വാധിഷ്ടിത നിലപാടല്ല എന്ന നഗ്നസത്യം അപ്പുണ്ണി തിരിച്ചറിഞ്ഞു. കൂലി വേണോ എന്നാല്‍ ജോലി വേണം എന്ന പ്രിന്‍സിപ്പിള്‍ അവന്‍ മനസ്സിലാക്കി. വളരെ വേദനയോടെയാണെങ്കിലും ഇക്കാര്യം തന്റെ ഉത്തമ സുഹൃത്തായ ചെങ്കത്ത് ശൈലജനോട് അവതരിപ്പിച്ചു. 

ചെങ്കത്ത് ശൈലജന്‍, അപ്പുണ്ണിടെ പോലെ തന്നെ സഹൃദയന്‍, സരസന്‍, സല്‍സ്വഭാവി, സര്‍വ്വോപരി പരോപകാരി. ഹാന്‍സ്, പാന്‍പരാഗ്, ബീഡി, മുറുക്കാന്‍ തുടങ്ങിയവയുടെ ഹോള്‍സെയില്‍ ബ്രാന്‍ഡ്‌ അംബാസിഡാര്‍ ആക്കാന്‍ പറ്റിയ മുതല്. ചുള്ളന്‍ നടക്കുമ്പോള്‍ വലിയ താറാവ് നടക്കുന്നത് പോലെയാണ് നമുക്ക് തോന്നുക, അവന്റെ മുന്‍ഭാഗം കണ്ടു തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ പിന്‍ഭാഗം കണ്ടു തീര്‍ച്ചയായും തിരിച്ചറിയാന്‍ പറ്റും. കല്യാണം കഴിക്കുകയാണെങ്കില്‍ ഹാന്‍സ് കവറിന്റെ പുറത്തെ ചിത്രത്തിലുള്ള അപ്പാപ്പന്റെ മോളെ കെട്ടണം എന്ന സ്വപ്നവുമായി നടന്നവന്‍. അവനെ അറിയുന്നത് തന്നെ പിലക്കാട്ടെ സ്വന്തം പെട്ടികടയായിട്ടാണ്. റമ്മികളി, പരലുകളി, റമ്മടി തുടങ്ങിയ സഭകളില്‍ സജീവ പങ്കാളി. പണി വണ്ടീടെ സിസി അടവ് പിടിത്തവും പറ്റിയാല്‍ വണ്ടി പിടിത്തവും. സ്വന്തമായി നാലുകാശു വരുമാനമുള്ളവന്‍. മേലെ പട്ടാമ്പിയില്‍ വാടകയ്ക്ക് റൂമെടുത്തു സ്വന്തമായി ഓഫീസ് സെറ്റപ്പ് ഉണ്ടാക്കിയവന്‍. ഒരിക്കല്‍ ഈ പരിപാവനമായ പുണ്ണ്യസ്ഥലം ദര്‍ശിക്കാനുള്ള അപൂര്‍വ്വഭാഗ്യം അടിയനുണ്ടായി. പണ്ട് ഒട്ടുപാറ വൈന്‍ ഷാപ്പിന്റെ ബാക്കിലുണ്ടായിരുന്ന അതെ സെറ്റപ്പ്. അവിടെ ഉണ്ടായിരുന്ന തട്ടുകട ഇല്ല എന്ന ഒരൊറ്റ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ. ടിയാന്റെ കൂടെ പാര്‍ട്നെര്‍മാരായി പിലക്കാട്ടെ തന്നെ പൊന്നോമന പുത്രന്മാരായ കൊഞ്ചു സാജുവും, കീരി സുനിയും, മാന്തള് ഷിജുവും. ഈ മാന്തള് ഷിജുവാണ് എന്റെ ബീഡി വലിയുടെ ഗുരു (ഇപ്പൊ ഞാന്‍ ബീഡി, സിഗരെറ്റ്‌ വലി പൂര്‍ണ്ണമായും നിര്‍ത്തി). 

രണ്ടു മുറി, ഒരു മുറിയില്‍ രണ്ടു മേശയും നാല് കസേരയും ഇട്ടിട്ടുണ്ട്. പിന്നെ സിസി അടക്കാത്തവരെ തെറി പറയാനും, ഭീഷണി പെടുത്താനും വേണ്ടി എയര്‍ടെല്‍ കണെക്ഷന്‍ ഉള്ള രണ്ടു വയര്‍ലെസ് ഫോണും. മറ്റേ മുറിയില്‍ ചെന്നപ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരതല്ലി. ത്രിഗുണന്‍ റം, നെപോളിയന്‍, ഹെര്‍കുലീസ് തുടങ്ങി കൂതറ സെല്‍സ വരെയുള്ള വന്‍ശേഖരം ഒരു ഭാഗത്ത്‌, മറുഭാഗത്ത്‌ കിങ്ങ്ഫിഷേര്‍, ഹേവാട്സ് 1000 & 5000, കല്യാണി വരെയുള്ള കുപ്പികള്‍. പക്ഷെ അതൊക്കെ വെറും സോവനിയര്‍ മാത്രമാണെന്ന് ക്ഷണം നേരം കൊണ്ട് എനിക്ക് മനസ്സിലായി. എന്തൊക്കെയായാലും ഇവര്‍ ജോലിയോട് വളരെയധികം സിന്സിയെരിറ്റിയും കണിശതയും പുലര്തുന്നവരാണ് എന്ന്, "ഡാ ഇന്നലത്തെ നിന്‍റെ സിസി കിട്ടിയില്ലട്ടാ", "ഇന്നലത്തെ സിസി നിനക്ക് ഞാന്‍ നാളെ തരാട്ടാ" തുടങ്ങിയ പരസ്പരം ഉള്ള ഡയലോഗുകളില്‍ കൂടി എനിക്ക് മനസ്സിലായെങ്കിലും, പിന്നീടു അതെനിക്ക് തിരുത്തേണ്ടി വന്നു. ഇത് അവര്‍ പരസ്പരം കൊടുക്കേണ്ട റമ്മി കളിയുടെ ബാലന്‍സ് സിസിയാണെന്ന് മനസ്സിലാവുന്നത് വരെ. അതെ!!! പൊരിഞ്ഞ റമ്മി കളിയും, പരല് കളിയും ആണ് ഓഫിസ് തുറന്നു അടക്കുന്നത് വരെ. 

 തന്റെ ഉത്തമ സുഹൃത്തിന്റെ മനപ്രയാസം മനസ്സിലാക്കി  അവനെ തന്റെ മറ്റൊരു പാര്‍ട്നെര്‍ ആയി നിയമിച്ചു, ശൈലജന്‍ പരോപകാരി എന്ന തന്റെ സ്വഭാവത്തിനോട് പരമാവധി നീതി പുലര്‍ത്തി. ഈ പണിയുടെ ശാസ്ത്ര സാങ്കേതിക വശങ്ങളെക്കുറിച്ച് മനസ്സിലാക്കിപ്പിച്ചും, തവള പിടിത്തം പോലെയല്ല വണ്ടി പിടിത്തം തുടങ്ങിയ സാരോപദേശങ്ങള്‍ നല്‍കിയും അപ്പുണ്ണിയെ അടിമുടി ഒരു പ്രൊഫെഷണല്‍ സിസി പിടിത്തകാരന്‍ ആക്കി മാറ്റി. പക്ഷെ അപ്പോഴും ഒരു പ്രശ്നം ബാക്കിയായി. സിസിയുടെ കളക്ഷന് പോകാന്‍ വേണ്ടി ഒരു ടു വീലെര്‍ സംഘടിപ്പിക്കുന്ന പ്രശ്നം, അതും ശൈലജന്‍ തന്റെ വ്യക്തി സ്വാധീനം ഉപയോഗിച്ച് ഒരു ഹീറോ ഹോണ്ട സിഡി 100 തരമാക്കി കൊടുത്തു. അതെ അതാണ് ശൈലജന്‍, പരോപകാരി എന്ന് പറഞ്ഞാല്‍ ഒന്നൊന്നര പരോപകാരി. അങ്ങിനെ അപ്പുണ്ണിയും ഒരു വണ്ടി മുതലാളി ആയി. ഈ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്‌താല്‍, പാടത്ത് വെള്ളമടിക്കാന്‍ ഇഞ്ചന്‍ സ്റ്റാര്‍ട്ട്‌ ആക്കിയപോലെയുള്ള കര്‍ണ്ണപടം പൊളിയണ ശബ്ദമാണ്. ഈ വണ്ടി വരുമ്പോള്‍ കൂട്ടില്‍ കേറാതെ നെഞ്ചും വിരിച്ചു നടന്നിരുന്ന കോഴികള്‍ പേടിച്ചു കൂട്ടില്‍ കേറിയിരുന്നു, പക്ഷികള്‍ ഭയചകിതരായി ചിറകടിച്ചുയര്നിരുന്നു, പട്ടികള്‍ ഓരിയിട്ടിരുന്നു, പശുക്കള്‍ കയറും പൊട്ടിച്ചു ഓടിയിരുന്നു, എന്തിനേറെ കാലത്ത് എട്ടരക്ക് തൃശൂര്‍ക്ക് ട്രിപ്പടിചിരുന്ന ആനന്ദ് ബസ്‌ വരെ സൈടാക്കി നിര്‍ത്തി കൊടുത്തിരുന്നു. പിലക്കാട്ടെ കൊച്ചു കുഞ്ഞുങ്ങള്‍ വരെ വരുന്ന വണ്ടിയുടെ ശബ്ദം കേട്ടു അപ്പുണ്ണി വരുന്നു എന്ന് മനസ്സിലാക്കിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. 

ഒരു ദിവസം കളക്ഷന്‍ കഴിഞ്ഞു ഓഫീസിലേക്ക് വരികയായിരുന്ന ശൈലജന്റെ മൊബൈല്‍ റിംഗ് അടിച്ചുകൊണ്ടിരുന്നു. എടുത്തു നോക്കിയപ്പോള്‍ അപ്പുണ്ണി, 

"ആ പറയ് ന്താണ്??"

"ഈയ്യെവിട്യാ??"  

"ദാ ഞാന്‍ വന്നുകൊണ്ടിരിക്കുന്നു. ന്തേ??"

"അതേയ്, പിന്നേയ് എന്റെ വണ്ടി സ്റ്റാര്‍ട്ടവിണില്യാ"

"സ്റ്റാര്‍ട്ടാവിനില്യേ??...അതെന്തു പറ്റി??"

"അറീല്യ, ഞാനും കീരി സുനിം ണ്ട് വ്ടെ"

"വണ്ടീല് പെട്രോളുണ്ടോ??" സ്വാഭാവികമായ ചോദ്യം, കമ്മിന്നു കിടന്നാല്‍ കാല്‍ പണം കിട്ടാതെ എഴുനെല്‍കാത്ത ഗടിയാണ് അപ്പുണ്ണി എന്ന് മനസ്സിലാക്കിയിട്ടാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശിച്ചു ചോദിച്ചതാണോ എന്ന് ഇന്നും പിടികിട്ടിയിട്ടില്ല.

"ഈയ്യെന്നെ ഒരുമാതിരി ആക്കി ഇന്സല്‍റ്റ് ചെയ്യരുതുട്ടോ. ഞാന്‍ അത്ര ദാരിദ്ര്യം പിടിച്ചവനോന്നും അല്ല" 

അപ്പൊ വണ്ടീല് പെട്രോള്‍ ഉണ്ടെന്നു ശൈലജന്‍ ഊഹിച്ചു. അല്ലെങ്കില്‍ ഇത്ര സെന്റി ആയി അപ്പുണ്ണി ഇങ്ങനെ പറയില്ലായിരുന്നു.

"ന്തായാലും ഞാനിവിടുന്നു എവിടുന്നെങ്കിലും വര്‍ക്ഷോപ്പുകാരനെ വിളിച്ചോണ്ട് വരാം, ങ്ങള് കുറച്ചു വെയിറ്റ് ചെയ്യ്‌"

ശൈലജന്‍ വര്‍ക്ഷോപ്പുകാരനെ തപ്പാന്‍ പോയപ്പോള്‍, ലേബര്‍ റൂമിന്റെ അടുത്ത് ടെന്‍ഷനടിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താക്കന്മാരെ പോലെ സ്വന്തം അരുമയായ വണ്ടിയുടെ അടുത്ത് നഖം കടിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പുണ്ണി. കൂട്ടിനു ആശ്വസിപ്പിച്ചു കൊണ്ട് കീരി സുനിയും. വൈകാതെ തന്നെ, വീട്ടിലേക്കു പോകാന്‍ തയ്യാറെടുത്തു കൊണ്ടിരുന്ന ഒരു വര്‍ക്ഷോപ്പ് ചേട്ടനെ കയ്യും കാലും പിടിച്ചു ശൈലജന്‍ സ്പോട്ടിലെത്തിച്ചു. വന്നപാടെ തന്നെ വര്‍ക്ഷോപ്പ് ചേട്ടന്‍ വണ്ടീടെ പണ്ടോം കുടലും വലിച്ചെടുത്തു പരിശോധന തുടങ്ങി. ആള്ള്‍ക്ക് വീട്ടില്‍ പോകാന്‍ അത്രയ്ക്ക് മുട്ടി നില്‍ക്കുകയായിരുന്നു എന്ന് ആള്‍ടെ പണീടെ വേഗം കണ്ടാല്‍ അറിയാം. തലകുത്തി നിന്ന് പരിശോധിച്ചിട്ടും എന്താണ് വണ്ടീടെ പ്രശ്നം എന്ന് മനസ്സിലാക്കാന്‍ വര്‍ക്ഷോപ്പ് ചേട്ടന് സാധിക്കുനില്ല. അറ്റകൈക്ക് വെറുതെ പെട്രോള്‍ ടാങ്ക് ഒന്ന് തുറന്നു നോക്കി. കുറച്ചു നേരം പെട്രോള്‍ ടാങ്കിലേക്ക് തന്നെ തുറിച്ചു നോക്കി വളരെയധികം ദയനീയമായി ശൈലജന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞു. മുഖം കണ്ടാല്‍ വര്‍ക്ഷോപ്പ് ചേട്ടന്‍ ഇപ്പൊ കരയും എന്ന് തോന്നി. പെട്രോള്‍ ടാന്കിലെക്കും ശൈലജന്റെ മുഖത്തേക്കും മാറി മാറി നോക്കികൊണ്ടിരുന്നു ദയനീയമായി തന്നെ. ആളെന്താ ഇങ്ങനെ നോക്കികൊണ്ടിരിക്കണേ എന്ന് ശങ്കിച്ച് പെട്രോള്‍ ടാങ്കിലേക്ക് നോക്കിയ ശൈലജന്റെ മുഖം വിളറി വെളുത്തു!!. സഹാറ മരുഭൂമിയായിരുന്നു പെട്രോള്‍ ടാങ്ക്!!. പെട്രോളില്ലാത്തതുകൊണ്ടാണ്  ഈ ശകടം സ്റ്റാര്‍ട്ട്‌ ആവാത്തത് എന്ന ഭീകര സത്യം അവിടെയുള്ളവര്‍ മനസ്സിലാക്കി. ഇനി അതില്‍ ഒരു തുള്ളിയെങ്കിലും ഉണ്ടോ എന്നറിയാനായി വണ്ടി ഒന്ന്  ചെരിച്ചു കിടത്തിയ കീരി സുനിക്ക് അതില്‍ നിന്നും രണ്ടു ചെറിയ വെള്ളാരം കല്ലും കിട്ടി.

"തെന്താ കല്ലോക്കെയോ ഇതിന്റെയുള്ളില്‍" ഇളിച്ചും കൊണ്ടിരിക്കുന്ന അപ്പുണിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ച ശൈലജന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് കീരി സുനി ആയിരുന്നു.

"ആ, ഇപ്പൊ മനസ്സിലായി, പണ്ടൊരു കാക്ക കുടത്തില് വെള്ളാരം കല്ലിട്ടു വെള്ളം കുടിച്ചപോലെ, ടാങ്കില് കല്ലിട്ടു പെട്രോളിന്റെ അളവ് കൂട്ടാന്‍ നോക്കിതായിരിക്കും, ല്ലേ അപ്പുന്ന്യേ??"

ഇത് കേട്ടു തരിച്ചിരുന്നത് ശൈലജന്‍!!!.

വിളറി വെളുത്തത് അപ്പുണ്ണി!!!.

സ്വന്തം പണി എന്നന്നേക്കുമായി നിര്‍ത്തി പോയത് വര്‍ക്ഷോപ്പ് ചേട്ടന്‍!!!.

പ്രത്യേക ശ്രദ്ധക്ക്:- ഇതിലെ കഥാപാത്രങ്ങളുടെ  പേരുകള്‍ തികച്ചും വ്യാജമാണ്, കാരണം എനിക്ക് പിലക്കാട്ട് ഇനിയും ജീവിക്കേണ്ടതാണ്.

2012 ഓഗസ്റ്റ് 1, ബുധനാഴ്‌ച

മണ്ഡലകാലം


പിലക്കാട് എന്ന എന്റെ ഗ്രാമത്തിനു ഒരു വശ്യ ഭംഗിയുണ്ട്. ഒരു പക്ഷെ ഇതിലും വലിയ സുന്ദരമായ പ്രകൃതി ഭംഗിയുള്ള ഗ്രാമങ്ങളും സ്ഥലങ്ങളും ഉണ്ടാകാം. കാക്കക്കും തന്‍ ബേബി പൊന്‍ ബേബി എന്ന് പറേണപോലെ, മ്മക്ക് മ്മടെ പിലക്കാട് കഴിഞ്ഞേ വേറൊരു സ്ഥലമുള്ളൂ. രാമന്കുളങ്ങര അയ്യപ്പങ്കാവ് അമ്പലവും കുളവും ആ ആലും, വായനശാല, ഭാസ്കര്‍പടി അല്ലെങ്കില്‍ ഭാസ്കര്‍മുക്ക് എന്ന് എല്ലാ പിലക്കാടന്മാരും ലവ്പുരസരം ചെല്ലപേരിട്ട് വിളിക്കുന്ന, ഭാസ്കരേട്ടന്‍ ടീ സ്റ്റാളും ഉണ്ണിയേട്ടന്റെ വെജിറ്റബിള്‍ കം സ്റ്റേഷനറി സുപ്പെര്‍മാര്‍ക്കെറ്റും ഉണ്ണ്യാര്ടെ ഡിഫറന്റ്ഗുട്സ്ഷോപ്പും (പലചരക്ക് കട) അടങ്ങുന്ന ഒരു ചെറിയ കവല, പിന്നെ വട്ടം കൂടി വെടി പറഞ്ഞിരിക്കുന്ന പിലക്കാടന്മാരുടെ സ്വന്തം ബസ്‌സ്റ്റൊപ്പും. ഇത്രയോക്കെയാണ് പിലക്കാട് എന്ന് പറയുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുക. അതിലിപ്പോ വായനശാലയുടെ പഴേ സമുച്ചയം മൂന്നാറില് ജെസിബി നെരങ്ങ്യെ പോലെ തകര്‍ത്തു തരിപ്പണമാക്കി അവിടെ ഇപ്പോള്‍ പുതിയ കെട്ടിടം പണിതു ഫോര്‍ ഹോമിയോപതി ചികിത്സാലയം. അതേ കൊമ്ബൌടില്‍ തന്നെ വായനശാലക്കുള്ള കെട്ടിടവും പുതിയതായി പണിതു. അക്ച്ച്യലി അവിടെ ഹോമിയോപതി ക്ലിനിക് അല്ല വരേണ്ടതെന്നും, അതുവന്നിട്ടു പഞ്ചായത്തിനു നയാപൈകാലണ കാര്യമില്ലെന്നും, അവിടെ വരേണ്ട മഹാ സംരഭം 'ബിവറേജസ് കോര്‍പറെഷന്റെ" സ്ഥാപനമാണെന്നും, അതുവന്നാല്‍ പിലക്കാടിന്റെ മുഖച്ഛായ തന്നെ മാറുമെന്നും ആണ് ചില ഇകെണോമിക്സ് റിസേര്‍ച് സയന്റിസ്റ്റുകള്‍ ആയ സ്ഥലം ആസ്ഥാന ഡ്രിങ്കന്മാരുടെ അഭിപ്രായം. ഡ്രിങ്കന്‍മാരുടെ അഭിപ്രായമല്ലേ അതിനു തറവിലപോലും നല്‍കിയില്ല."അല്ലെങ്കിലും മഹത് വചനങ്ങള്‍ പില്‍ക്കാലങ്ങളിലേ ശ്രദ്ധിക്കപെടൂ" എന്നുള്ള ഒരു സെല്‍ഫ് കോണ്ഫിടെന്‍സ് കൊണ്ട് ആശ്വാസം കൊള്ളുകയാണിപ്പോള്‍ അവര്‍.

ഇതിലിപ്പോള്‍ ഒന്നാം സ്ഥാനം കൊടുക്കാവുന്നത് അയ്യപ്പങ്കാവ് അമ്പലത്തിനും കുളത്തിനും ആ ആലിനും ആണ്. പിലക്കാടന്മാരുടെ സിന്ദഗിയില്‍ മഹനീയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അയ്യപ്പങ്കാവ് ക്ഷേത്രവും പരിസരവും. പിലക്കാട് രാമന്കുളങ്ങര പൂരത്തിന് എഴുന്നെള്ളിച്ചു കൊണ്ടുവരുന്ന, കിഴക്കുമുറി, പടിഞ്ഞാട്ടുമുറി, തെക്കുമുറി, വരവൂര്‍ വിഭാഗങ്ങളുടെ പൂരത്തിന്റെ കലാശപോരാട്ടം നടക്കുന്നത് ഈ തിരുസന്നിധിയില്‍ വച്ചിട്ടാണ്. മണ്ടലമാസത്തിന്റെ ആരംഭത്തോടുകൂടി രാവിലെയും വൈകീട്ടും അയ്യപ്പങ്കാവ് അമ്പലപരിസരം ശരണമന്ത്രധ്വനികളാല്‍ ശബ്ദമുഖരിതമാവും. അതിന്റെ കൂടെ അമ്പലത്തില്‍ നിന്നും ഒഴുകിവരുന്ന അയ്യപ്പസ്തുതിഗീതങ്ങള്‍,  ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസിന്‌ ഒരു കുളിരും നവോന്മേഷവും അനുഭവപെട്ടതുപോലെ. പാടത്തെ കളിയും കഴിഞ്ഞ് നേരെ ചെന്ന് രാമന്കുളത്തിലേക്ക് ഒരു ചാട്ടമുണ്ട്, കാലിന്റെ പെരുവിരല്‍ തൊട്ടു ഉച്ചാംതല വരെ അറിയാം അതിന്റെ കുളിര്‍മ്മ. ഒരു തിമിര്‍ക്കല് കഴിയുമ്പോഴേക്കും ദീപാരാധനക്കുള്ള സമയമായിട്ടുണ്ടാകും. കുളിച്ചു തോര്‍ത്തി ഈറനും ഉടുത്ത് ആദ്യത്തെ ദീപാരാധനക്ക് തന്നെ ഉണ്ടാകും മേജര്‍ പിലക്കാടന്‍മാര്‍ തൊട്ടു ചെറു സ്ക്രാപ്പ് പിലക്കാടന്‍മാര്‍ വരെയുള്ള സ്വാമിമാര്‍.

മണ്ടലമാസത്തില് അയ്യപ്പങ്കാവില്‍ നാല്‍പ്പത്തിയൊന്നു ദിവസവും ചുറ്റുവിളക്ക് ഉണ്ടാകും. ഊഴം വച്ച് പിലക്കാട്ടെ ഓരോ വീട്ടുകാരായിരിക്കും ചുറ്റുവിളക്ക് വഴിപാട് കഴിക്കുക. വൈകീട്ട് നട തുറക്കുന്നതിനു മുന്നേ തന്നെ ചുറ്റുവിളക്ക് നടത്തേണ്ട വീട്ടുകാര്‍ അമ്പലത്തില്‍ എത്തി അമ്പലവും, കല്‍വിളക്കുകളും, ശ്രീകോവിലിന്റെ ചുറ്റുമുള്ള വിളക്കുകളും എല്ലാം വൃത്തിയാക്കി എണ്ണയിട്ടു തിരിതെളിയിച്ചു വക്കും. പൊന്‍പ്രഭയില്‍ മുങ്ങി നില്‍ക്കുന്നത് പോലെ തോന്നും അപ്പോള്‍ അയ്യപ്പങ്കാവ്. ചുറ്റുവിളക്കിനോടനുബന്ധിച്ച് ദീപാരാധന കഴിഞ്ഞാല്‍, പായസ്സവിതരണവും നാളികേരം ഉടക്കലും ഉണ്ടാകും. ബഹുകേമാണ് നാളികേരം ഉടക്കല്‍ പരിപാടി. നാളികേരം ഉടക്കുന്ന കല്ലിനു ചുറ്റും നിരന്നുനില്‍ക്കും യുവപിലക്കാടന്മാര്‍. നാളികേരം ഉടക്കുന്നത് പ്രധാനതന്ത്രി ശ്രീ കണ്ടര് എളേതര്. താനൊരു സംഭവം ആണെന്നും ഇപ്പൊ ചെയ്യാന്‍ പോകുന്ന നാളികേരം ഉടക്കല്‍ കര്‍മ്മം മറ്റൊരു മഹാസംഭവം ആണെന്നും, അത് ഭൂമിമലയാളത്തില്‍ താനൊഴികെ വേറൊരു സംഭവത്തിനും ചെയ്യാന്‍ പറ്റില്ല എന്നുമായിരിക്കും അപ്പോഴത്തെ മൂപ്പരുടെ മുഖഭാവം. 'കൂകാ...കൂകാ...കൂകാ' എന്ന് ഓര്‍ഡര്‍ ചെയ്തിട്ടായിരിക്കും ചുള്ളാപ്പി നാളികേരം ഉടക്കാന്‍ വരിക, അതേ താളത്തില്‍ 'പൂയ്...പൂയ്...പൂയ്' എന്ന് കൂക്കികൊണ്ട് പിലക്കാടന്മാര്‍ ഗംഭീര പ്രോത്സാഹനവും കൊടുക്കും മൂപ്പര്‍ക്ക്. ആക്ച്വലി ഇങ്ങനെ കൂക്കിയാല്‍ മാത്രമേ മൂപ്പര്‍ക്ക് നാളികേരം ഉടക്കാന്‍ ഒരു മൂഡ്‌ വരികയുള്ളൂ. നാളികേരം ഉടച്ചു കഴിഞ്ഞ അതേ സെക്കന്റില്‍ പിന്നെ ഒരു എരമ്പലാണ് തെങ്ങാപൂളുകള്‍ കൈക്കലാകാന്‍. വഴീല് വെറുതെ ഒരു തേങ്ങ കണ്ടാല്‍ പോലും ഒന്ന് എടുത്ത് നോക്കാത്ത പിലകാടന്മാര്‍ ഈ തെങ്ങാപൂളുകള്‍ കിട്ടാന്‍ വേണ്ടി കാണിക്കുന്ന സാഹസം (ആക്രാന്തം) കണ്ടാല്‍ 'വെള്ളാനകളുടെ നാട്ടില്‍' പപ്പുവിന്റെ ധീരതക്കുള്ള അവാര്‍ഡ് തിരിച്ചു വാങ്ങി ഇവര്‍ക്ക് കൊടുക്കും. 

രാജന്‍ എളേത്, അയ്യപ്പങ്കാവിലെ താന്ത്രികന്‍, അഞ്ചടി രണ്ടിച്ചു പൊക്കം, ബ്രൂസ്‌ലി കാവിമുണ്ടുടുത്തപോലത്തെ വേഷവും ലുക്കും, നാലുപാടും നോക്കി ഓടി രക്ഷപെടാനുള്ള വഴി കണ്ടുപിടിച്ചിട്ടേ ഇപ്പൊ നാളികേരം ഉടക്കാറുള്ളൂ. അത് മൂപ്പര്‍ക്ക് പറ്റിയ ചെറിയ ഒരു അനുഭവത്തിന്റെ ആഫ്റ്റെര്‍ ഇഫ്ഫെക്റ്റ് ആണ്. അന്നത്തെ ചുറ്റുവിളക്കിന് പിലക്കാടന്മാരുടെ എണ്ണം പതിവിലും കൂടുതല്‍ ആയിരുന്നു. പതിവുപോലെതന്നെ ചുള്ളന്‍ 'കൂകാ...കൂകാ...കൂകാ' എന്നും പറഞ്ഞുകൊണ്ടുവന്നു 'പൂയ്...പൂയ്...പൂയ്' എന്ന് കൂക്കികൊണ്ട് പിലക്കാടന്മാരും പിന്താങ്ങി. നാളികേരം രണ്ടു മൂന്ന് പ്രാവശ്യം മുകളിലേക്ക് അമ്മാനമാട്ടി ഗഡി ഉന്നം നോക്കി, ഒരൊറ്റ ഏറു. പിലക്കാടന്മാര്‍ എരമ്പി, ആള്‍ടെ ഒരു ബെസ്റ്റ് ടൈം നോക്കണേ!!!. ഒരു ചെറിയ കഷ്ണം നാളികേരം മൂപ്പരുടെ കാലിന്റെ അടുത്ത് വന്നു വീണു. "ഏയ്‌ തെന്താപ്പത്" എന്ന് ആത്മഗതം പറഞ്ഞു ജസ്റ്റ്‌ ഒന്ന് താഴേക്ക്‌ നോക്കി തലയുയര്‍ത്തിയ മൂപ്പര് കണ്ടത് തനിക്ക് നേരെ പാഞ്ഞടുക്കുന്ന ഒരു സുനാമി ആയിരിക്കണം. മോര്‍ണിംഗ്ഷോക്ക് തൃശ്ശൂര്‍ രാഗത്തിന്റെ ഗേറ്റ് തുറക്കുമ്പോള്‍ മുന്‍പില്‍പെട്ട ലോക്കല്‍ ഡോഗിനെ പോലെ ഗഡി ഉഴറി. എന്താണ് സംഭവിച്ചത് എന്ന് മൂപ്പെര്‍ക്ക് പിടികിട്ടുന്നതിനുമുന്നെ ആള്‍ടെ രണ്ടുകാലും പിലക്കാടന്മാരുടെ പിടിയില്‍ ആയി. !!!!ഊഊഉയ്യ്യ്യ്യ!!!! ദാ കെടക്കുന്നു ചുള്ളന്‍ മലച്ചു വെട്ടി താഴെ. മലര്‍ന്നു കിടന്നു ചുള്ളന്‍ നക്ഷത്രങ്ങളുടെ സെന്‍സസ് എടുത്തിരിക്കണം. ആക്ച്വലി വീണതില്‍ മൂപ്പെര്‍ക്ക് ഇത്ര വിഷമം ഉണ്ടായില്ല, ഇത് ഇപ്പൊ മറ്റുള്ളവര്‍ തൊട്ടു ആശുദ്ധമാക്കിയില്ലേ, ശ്രീകോവിലില്‍ കേറണമെങ്കില്‍ കുളിക്കണ്ടേ, അതും തണുത്തു വെറുങ്ങലിക്കുന്ന മകരമാസത്തില്, അതാണ്‌ ആളെ വിഷമിപ്പിച്ചത്. അവിടുന്ന് എണീറ്റ്‌ കുളിക്കാന്‍ പോയത് ഒരക്ഷരം മിണ്ടാതെയായിരുന്നു പാവം.

കുളി കഴിഞ്ഞു വന്ന്, പായസ്സതിനുവേണ്ടി ബിവറേജസ് ഷോപ്പില് ക്യു നില്‍ക്കണ പോലെ നിന്നിരുന്ന പിലക്കാടന്മാരുടെ മുന്നിലെ രാജന്‍ എളേത് അവര്‍കളുടെ പ്രകടനം ഉജ്ജ്വലമായിരുന്നു.

2012 ജൂലൈ 7, ശനിയാഴ്‌ച

വരാനുള്ളത് വഴിയില്‍ തങ്ങില്ല


അതല്ലല്ലെങ്കിലും അങ്ങനാ...വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് മാത്രമല്ല, അത് റോക്കറ്റ് പിടിച്ചിട്ടായാലും കൃത്യമായി വന്നു പണി തരും. അല്ലെങ്കില്‍ ഡിന്നറിന് ചാളകൂട്ടാനും, ചെട്ട്യാരോടത്തെ പപ്പടവും കൂട്ടി ഏഷ്യനെറ്റിലെ ശ്രീകണ്ടന്‍ നായരെടെ തമ്മില്‍ തല്ല് പരിപാടിയും കണ്ടു ഒരു പിടിപിടിക്കേണ്ട ഞാന്‍, ചാക്കൊച്ചീടെ ആഗ്രഹത്തിന് (അതോ ദുരാഗ്രഹമോ!!!) തല വച്ചു കൊടുക്കില്ലല്ലോ. ലവന് ആറങ്ങോട്ടുകര ദുര്‍ഗ്ഗ തീയേറ്ററില്‍ നിന്നും ലാലേട്ടന്റെ 'ഉസ്താത്' പടം കാണണം അതും സെക്കന്റ്‌ ഷോ. ഗഡിക്ക് ലാലേട്ടനോട് ആരാധനങ്ങട്ട് മൂത്തു, അതെന്റെ കാലക്കേടായിരുന്നു.

പിലക്കാട് നേരം വൈകീട്ട് 5 മണി ആയാല്‍ ആണായിപിറന്ന ഒരു യുവ പിലക്കാടന്മാരും കുടുമ്മത്ത് ഇരിക്കില്ല, ഇരിപ്പുറക്കില്ല. ഒന്നുകില്‍ ബസ്സ്‌സ്റ്റോപ്പിന് മുന്നിലുള്ള പറമ്പില്‍ വോളിബാള്‍ കളി, അല്ലെങ്കില്‍ അയ്യപ്പന്‍കാവിന്റെ അടുത്തുള്ള പാടത്ത് ക്രിക്കെറ്റോ, ഫുട്ബോളോ. ഇതിലേതെങ്കിലും ഒന്നില്‍ ഹാജര്‍ വച്ചിരിക്കും. പിന്നത്തെ ഹാജര്‍ വക്കുന്നത് അത്താഴത്തിന് മുന്നിലായിരിക്കും. അത്രക്കും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റുള്ളവരാണ് പിലക്കാടന്മാര്‍, ഈ പറഞ്ഞ രണ്ടുകാര്യത്തിലും. വൈകീട്ടത്തെ ക്രിക്കെറ്റു കളിയും കഴിഞ്ഞ് കാലിന്റെ മേല്‍ കിട്ടിയ ബോണ്ടയും തടവി പാടത്തെ പാലത്തിന്റെ മുകളില്‍ അന്നത്തെ കളിയെ ക്രിട്ടിസൈസ് ചെയ്തും, കാലില്‍ ബോണ്ട തന്നവനെ നല്ല നല്ല നാടന്‍ വാക്കുകളാല്‍ പ്രശംസിച്ചും ഒരു ഇരിപ്പുണ്ട് .....ഹായ്!! എന്താ അതിന്റെ ഒരു ഒരു സുഖം. സ്വര്‍ഗ്ഗത്തില്‍ ഇരുന്നാലും ഈ ഒരു സുഖം കിട്ടില്ല.

ഇതേപോലെയുള്ള ഒരു സായാഹ്നത്തില്‍ ആയിരുന്നു ചാക്കോച്ചിക്ക്‌ ഈ ഒരു ഗ്രേറ്റ്‌ ആംബീക്ഷന്‍ അതായത് ഉസ്താതിനു പോകാനുള്ള ആഗ്രഹം ഉടലെടുത്തത്.  ഞാന്‍ അവന്റെ ഉറ്റ സുഹൃത്തായതിനാലും ഒരു കൂട്ടുകാരന്റെ ആംബീക്ഷന്‍ സാധിച്ചു കൊടുക്കേണ്ടാതിനാലും സര്‍വ്വോപരി എന്റെ സമയം നല്ലതായിരുന്നതുകൊണ്ടും ഞാനതങ്ങട്ട് സമ്മതിച്ചുകൊടുത്തു. അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞത്‌ വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന്. എന്തിനും ഏതിനും അതിന്റേതായ സമയമുണ്ട് ദാസാ. ആ സമയം ഇതാ അടുത്ത് വരുന്നു. 


"ഡാ അങ്ങനെയാണെങ്കിലെ മ്മക്ക് നെന്‍റെ വണ്ടീല് പൂവാം" ചാക്കൂന്റെ അഭിപ്രായത്തില് ആദ്യം ഒന്ന് സംശയിച്ചു.


"ഏത്  വണ്ടീല്?"


"നെന്‍റെ  വീട്ടിലെ ചോന്ന എമ്മല്ലെ വെസ്പേല്"


"ആയ്... ഗംഭീരായി!!!, സിനിമക്ക് വീട്ടീന്ന് ചാടണ കാര്യത്തില് തന്നെ ഒരു തിരുമാനമായിട്ടില്ല, അപ്പളാണ് ചോന്ന വെസ്പ. നോക്കട്ടെ  ഇത് രണ്ടും പിതാജിടെ അപ്പളത്തെ മൂടുപോലെയിരിക്കും"


അത് നിനക്ക് പറ്റും, നിനക്കെ പറ്റൂ തുടങ്ങിയ രോമാഞ്ച കഞ്ചുകമുണര്ത്തുന്ന വാക്കുകളാല്‍ എനിക്ക് വേണ്ടതിലും കൂടുതല്‍ ബൂസ്റ്റും, ഹോര്‍ലിക്ക്സും തന്നിട്ട് എട്ടരക്ക് വീടിന്റെ പടിക്കല് കൂട്ടിമുട്ടാം എന്ന് പറഞ്ഞ്  ചുള്ളന്‍ ഉസ്താതിന് തയ്യാറാവാന്‍ വീട്ടിലേക്കു പോകുമ്പോള്‍, എന്റെ മനസ്സില്‍ വിശ്വനാഥന്‍ ആനന്ദും, കാസ്പൊറോവിച്ചും തമ്മില്‍ വേള്‍ഡ് ചെസ്സ്‌ മത്സരത്തിലെ ചടുല നീക്കങ്ങള്‍ നടക്കുകയായിരുന്നു ത്പ്പോ എങ്ങനാ സിനിമക്ക് പിതാജീടെ കയ്യീന്ന് അപ്പ്രൂവല്‍ വാങ്ങിക്ക്യാ, അതും വിത്ത്‌ ചോന്ന എമ്മല്ലെ വെസ്പ. ഇനിപ്പോ അപ്പ്രൂവല് വാങ്ങിക്കാന്‍ പോയിട്ട് വേറെ വല്ലതും വാങ്ങിച്ചു കൂട്ടുമോ തുടങ്ങിയുള്ള വേള്‍ഡ് വാര്‍ ചിന്തകള്‍ എന്റെ മനസ്സിനെ അലട്ടികൊണ്ടിരുന്നു. കുളിക്കുമ്പോളും ചാളകൂട്ടാനും കൂട്ടി ഫുഡലക്കുമ്പോളും ഇത് തന്നെയായിരുന്നു എന്റെ മെയിന്‍  ചിന്ത. അങ്ങനെ മാതാശ്രീ വഴി അപ്ലിക്കേഷന്‍ കൊടുത്ത് സിനിമക്കുള്ള അപ്പ്രൂവല്‍ വാങ്ങിക്കാം എന്നും, ചോന്ന വെസ്പക്കുള്ള അപേക്ഷ നേരിട്ട് സമര്‍പ്പിക്കാം എന്നും തിരുമാനിച്ചു. 


അമ്മ വഴിയുള്ള അപേക്ഷ ഉടന്‍ പരിഗണനക്കെടുക്കുകയും, പെട്ടെന്ന് പാസ്സായികിട്ടുകയും ചെയ്തു. എന്നിട്ടും ഉമ്മറത്ത് പത്രവും വായിച്ചു കൊണ്ടിരുന്ന പിതാശ്രീടെ പിന്നില്‍ തലചൊറിഞ്ഞു നില്‍ക്കുന്ന എന്നോട് മൂപ്പര്‍ ആദ്യമൊക്കെ സര്‍ക്കാരാപ്പീസിലെ എല്‍ ഡി ക്ലെര്‍ക്കിനെ പോലെ പെരുമാറിയെങ്കിലും, പിന്നീട് എന്റെ നില്‍പ്പും പരുങ്ങലും കണ്ടപ്പോള്‍ ചോദ്യഭാവത്തില്‍ ഒന്ന് നോക്കി.


"അച്ചാ സ്കൂട്ടെറിന്റെ വണ്ടി....."


"സ്കൂട്ടെറിന്റെ വണ്ട്യാ??"


"അല്ല സ്കൂട്ടെറിന്റെ ചാവി......ഒന്ന് വേണം"


"നീയെന്താ ചാവീം കൊണ്ടാണോ സിനിമയ്ക്കു പോണത്?"


"അല്ല സ്കൂട്ടെറും കൊണ്ടാ"


"സ്കൂട്ടെറും കൊണ്ടോ!!!!" ആദ്യം മൂപ്പെരൊന്നു പകച്ചു, "നെന്റെ രാത്രി സഞ്ചാരം കുറെ കൂടുന്നുണ്ട്" ഇതിനര്‍ത്ഥം ചുള്ളാപ്പി  സ്കൂട്ടെറും കൊണ്ട് പോയ്ക്കോളാന്‍ സമ്മതിച്ചിരിക്കുന്നു ആള്‍ക്ക് ഇങ്ങനെ സമ്മതിച്ചു തരാനേ അറിയൂ എന്താ ചെയ്യാ. ഞാനാകെ കോരിത്തരിച്ചുപോയി, ഗടിക്ക് ഇന്നെന്തരു  പറ്റി എന്നാലോചിച്ച് ആകെ വണ്ടറടിച്ച്‌ ഞാന്‍ ചാവിയെടുത്ത് സ്കൂട്ടെറിന്റെ നെഞ്ചത്ത് കുത്തികയറ്റി തിരിച്ചു സകല ദൈവങ്ങളെയും സ്മരിച്ച് സ്കൂട്ടെറിനെ മൂന്ന് പ്രാവശ്യം തോട്ടുതലേല്‍ വച്ച് കിക്കറലക്കി. ഒന്ന്...രണ്ട്...മൂന്ന്...നാല്...അഞ്ചാമത്തെ ആയപ്പോഴേക്കും അച്ച്ചന്‍ വായിച്ചു കൊണ്ടിരുന്ന പേപ്പറും മടക്കി താടിക്ക് കയ്യും കൊടുത്ത് എന്റെ യജ്ഞം കാണാനിരുന്നു. ഇതിന് ഒരു തിരുമാനമായിട്ട് മതി ഇനി പേപ്പറ് വായന. ഇന്നെന്തെങ്കിലും നടക്കും എന്ന് മൂപ്പര് കരുതികാണും, അതോ 'ഈ കുരുത്തം കെട്ടവന്‍ കാലെടുത്തു വച്ചു അതിന്റെ ഗതി ഇതായി' എന്ന് കരുതി കാണുമോ. എന്തായാലും പത്താമത്തെ ചവിട്ടലിന് പുലി ഒന്ന് ചാടി ഉഷാറായി, ദൈവാണേ സത്യം സ്റ്റാര്‍ട്ടായി.



ഞാന്‍ പടിക്കെലുത്തുമ്പോള്‍ എന്നെയും കാത്ത് ചാക്കു നടുറോട്ടില്‍ കുത്തിയിരിക്കുന്നുണ്ടായിരുന്നു. "ഇത് ഇത്ര പെട്ടെന്ന് സ്റ്റാര്‍ട്ടായോ" എന്ന അവന്റെ ചോദ്യം ഞാന്‍ മൈന്‍ഡ് ചെയ്തില്ല എന്ന് മാത്രമല്ല "വന്ന് കെര്‍റെക്കാ" എന്നമറി  കൊണ്ട് കലിക്കുകയും ചെയ്തു.അങ്ങനെ ഞങ്ങള്‍ ദുര്‍ഗ്ഗയിലെത്തി വെള്ളമുണ്ടും വെള്ളഷര്‍ട്ടും ഇട്ട ലാലേട്ടന്റെ പോസ്റ്റെര്‍ ഞങ്ങളെ നോക്കി ചിരിച്ചു. ടിക്കെറ്റ് കൊടുക്കാന്‍ ഇനിയും സമയം ബാക്കിയുണ്ട്. വണ്ടി സ്റ്റാന്‍ഡില്‍ വച്ചിട്ട് ഞങ്ങള്‍ രണ്ടു പൊതി കപ്പലണ്ടിയും വാങ്ങിച്ച് കൊറിച്ചു തുടങ്ങി.

"പടം ചെമ്പ് പടാട്ടാ" കമന്റ്‌ ഫ്രം ചാക്കു.

"അത് നെനക്കങ്ങനെ മനസ്സിലായി, നീ ഈ പടം കണ്ടിട്ട് ണ്ടാ"

"അതിന്റെ ആവശ്യം ഇല്ലല്ലോ, ലാലേട്ടന്‍റെ ആ നില്‍പ്പ് കണ്ടാ അറിഞ്ഞൂടെ, എന്തുട്ടാ ഗെറ്റപ്പ്"

ഞങ്ങള്‍ അങ്ങനെ പടത്തിന്റെ റിവ്യൂ നടത്തി കൊണ്ടിരിക്കുമ്പോള്‍ കണ്ണിനു കുളിര്‍മ്മയെകികൊണ്ട് നാലഞ്ച്‌ കറുത്ത സുന്ദരികള്‍ വിത്ത്‌ ഫാമിലി സിനിമ കാണാന്‍ വന്നത്. ലക്ഷം വീട് കോളനി ടീമാണ്, ലക്ഷം വീടെങ്കില്‍ ലക്ഷം വീട് ഞങ്ങള്‍ സ്കാനിംഗ് ആരംഭിച്ചു. ഞങ്ങളുടെ സ്കാനിംഗ് അങ്ങനെ തകൃതിയായി നടക്കുമ്പോളാണ്, അവരുടെ കൂടെ വന്ന മൈക്ക് ടൈസനെ പോലെയോരുത്തന്‍ ഞങ്ങളെ സ്കാന്‍ ചെയ്യുന്നത് കണ്ടത്. കരിങ്കല്‍ ക്വാറിയിലാണ് ഗടിടെ പണി എന്ന് ചുള്ളന്റെ കയ്യ് കണ്ടാല്‍ അറിയാം. ആമസോണ്‍ കാടുകള്‍ക്കിടയില്‍ ഒഴുകുന്ന ചെറുനദികളെ പോലെയുള്ള ചുള്ളന്റെ കയ്യിലെ ഞെരമ്പുകള്‍ വ്യക്തമായി ഞങ്ങള്‍ക്ക് കാണാം. ഞങ്ങള്‍ സ്കാനിംഗ് തല്‍ക്കാലം നിര്‍ത്തി വച്ചു. മൈക്ക് ടൈസന്‍ ചിലപ്പോള്‍ സ്കാനിങ്ങും കഴിഞ്ഞു അപലോടിംഗ് നടത്തിയാലോ, ലവന്‍റെ ലോഡിംഗ് ഞങ്ങളുടെ കിളുന്തു ബോഡി താങ്ങില്ല. വെറുതെ എന്തിനാ സിനിമ തീയേറ്ററിലെക്ക് വന്നിട്ട് ഓപറെഷന്‍ തീയേറ്ററിലെക്കുള്ള ടിക്കെറ്റെടുക്കുന്നത്. 


ടിക്കെറ്റിനുള്ള ബെല്ലടിച്ചു, ടിക്കെറ്റെടുത്തു, അകത്തുകേറി പടം കണ്ടു, പടം വിട്ടു. നേരം മണി പാതിരാത്രി പന്ത്രണ്ടുമണി. സ്റ്റാന്ടീന്ന് സ്കൂട്ടെറെടുത്തപ്പോള്‍ ആണ് ചാകൂന് കലശലായ ഒരു മോഹം (അതിമോഹം) പിടിപെട്ടത്‌, സ്കൂട്ടെറോടിക്കണം!!!!.  നേരെചൊവ്വേ സൈക്കിള് പോലും ഓടിക്കാനറിയാത്ത ചുള്ളന് പാതിരാത്രി പന്ത്രണ്ടുമണിക്ക് തന്നെ സ്കൂട്ടെറോടിക്കണം. "ഡാ പകലുവെളിച്ചത്തില് പോരെ" എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അവന്‍ ഒരു സിദ്ധാന്തം തന്നെ അവതരിപ്പിച്ചു, 


"രാത്രി ഓടിക്കാന്‍ പഠിച്ചാലേ, പകല് വെള്ളം വെള്ളം പോലെ ഓടിക്കാം" 


"ഒടുവില്‍ വെള്ളത്തിലാവുമോ"

"ഇല്ലെടെക്കാ ഞാനില്ലേ കൂടെ, ആണുങ്ങളായാല്‍ കുറച്ചു ധൈര്യം വേണം" വീണ്ടും അവന്റെ ബൂസ്റ്റും, ഹോര്‍ലിക്ക്സും.


ആദ്യം എനിക്കങ്ങോട്ട് ധൈര്യം വന്നില്ലെങ്കിലും, പിന്നീട് എന്നിലെ ആശാന്‍ സടകുടഞ്ഞെഴുനേറ്റു. ഇവനെ ഇന്ന് സ്കൂട്ടെറോടിക്കാന്‍ പഠിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. അതിനു മുന്‍പ് അല്‍പ്പം ഭൂമിശാസ്ത്രം, ആറങ്ങോട്ടുകര ടു തളി വരെയുള്ള മൂന്ന് മൂന്നര കിലോമീറ്റര്‍ റോഡ്‌ ഒരുപാട് വളവും, തിരിവും, ഹെയര്‍പിന്നുകളും, ചെറിയ കയറ്റവും ഇറക്കവും, സര്‍വ്വോപരി എണ്ണിയാല്‍ തീരാത്തത്ര കുണ്ടും കുഴികളും നിറഞ്ഞ ഒരു റൂട്ടാണ്. ഇതിലൂടെ വണ്ടി ഓടിക്കാന്‍ അറിയുന്നവന് ഫോര്‍മുല വണ്‍ കാറോട്ടമത്സരമൊക്കെ പൂ പറിക്കണ പോലെ നിസ്സാരമായ ഒരു കാര്യമാണ്. സാക്ഷാല്‍ മൈക്കില്‍ ഷുമാക്കാര്‍ വരെ വള്ളം കുടിക്കും. ഈ റോട്ടില്‍ കൂടിയാണ് ഇവനെ വണ്ടി ഓടിക്കാന്‍ പഠിപ്പിക്കേണ്ടത്. ഇത്രയും വിവരിച്ചത്, ഞാന്‍ ഏറ്റെടുത്തിരിക്കുന്നത് ഒരു ഡേയ്ന്ജര്‍ മിഷന്‍ ആണ് എന്ന് മനസ്സിലാക്കി തരാനാണ്. പൊട്ടിയതോട് ജങ്ക്ഷന്‍ എത്തുന്നതിനു ഒരു കാല്‍ കിലോമീറ്റര്‍ മുന്‍പ്‌ ഒരു ചെറിയ ഇറക്കം ഉണ്ട്, അതുകഴിഞ്ഞാല്‍ പൊടുന്നനെ ഇടത്തോട്ടും വലത്തോട്ടും ഉള്ള രണ്ടു വളവുണ്ട്. അതുകഴിഞ്ഞ് തൊട്ടടുത്ത് ഒരു ഹമ്പും അപ്രത്ത് ഒരു പോസ്റ്റും. ആ ഇറക്കം എത്തിയപ്പോഴേക്കും ഞാന്‍ അവന് വാണിംഗ് കൊടുത്തു, "ഡാ ഇറക്കമാണ് ബ്രേക്ക്‌ കുറേശ്ശെ കൊടുക്ക്, ക്ലെച്ച് താങ്ങ്, ആക്സിലേറ്റര്‍ കൊടുക്കണ്ട തിരിവാണ് വരാന്‍ പോകുന്നത്" തുടങ്ങി ഞാന്‍ അവന് ഡീറ്റെയില്‍ ആയി തന്നെ കൊടുത്തു. ക്യാ ഫലം?, ഇടത്തെ തിരിവ് ചാട്ടൂളി പോലെ അവന്‍ വീശിയോടിച്ചെങ്കില്‍,  വലത്തേ തിരിവ് അവന്‍ മോട്ടോറെയ്സ് ചലെഞ്ചറിലെ പോലെ കിടത്തിയിട്ടാ ഒടിച്ചത്.


"ഡാ തെണ്ടീ ഹമ്പ്, പോസ്റ്റിന്റെ മേലേക്ക് പോണു, ഇങ്ങട്ട് തിരിക്കടാ, ബ്രേക്ക്‌ ചവിട്ട്" ഞാന്‍ അലറി.


അവന് എന്ത് ഹമ്പ്, എന്ത് പോസ്റ്റ്‌, രണ്ടും അവന്‍ ഒഴിവാക്കിയില്ല. ഹമ്പിന്റെ മുകളിലൂടെ ഇടിമിന്നല് കണക്കെ വണ്ടി പോസ്റ്റിന്റെ നേരെ പാഞ്ഞു. !!!പ്ടക്കേ!!!, ഞാനൊന്ന് മുകളിക്കുയര്‍ന്നു പോസ്റ്റിനെ കെട്ടിപിടിച്ചു താഴേക്ക്‌ പോന്നു. പോരുന്ന പോക്കില്‍, ബാലരമയിലെ ഡിങ്കന്റെ ചിത്രകഥയിലുള്ള 'ഠമാര്‍ര്‍ര്‍ ' 'പടാര്‍ര്‍ര്‍' പോലെയുള്ള ശബ്ദങ്ങള്‍ ഞാന്‍ വ്യക്തമായി കേട്ടു. താഴെയെത്തിയ ഞാന്‍ കണ്ടത് എന്റെ തലയ്ക്കു ചുറ്റും പഞ്ചവര്‍ണ്ണത്തിലുള്ള ധാരാളം നക്ഷത്രങ്ങള്‍ പാറിപറന്നു നടക്കുന്നു. അതിന്റെ ഇടയില്‍ കൂടി ഞാന്‍ വെള്ളവസ്ത്രവും ഉടുത്തുകൊണ്ട് റ്റാ റ്റാ കാണിച്ചു മുകളിലേക്ക് പോകുന്നു. ദൈവമേ!!!! എന്റെ ആത്മാവ് റിലീസ് ആവുകയാണോ!!!......പോകരുത് പ്ലീസ്....ആത്മാവേ എന്നെ വിട്ടു പോകരുത്.....

"ഡാ ദരിദ്രെ, തെണ്ടീ....ഈ ആക്രി ഒന്ന് എടുത്ത് മാറ്റടാ പണ്ടാറെ...."

ങേ!!! ഇല്ല ഒന്നും സംഭവിച്ചില്ല, പക്ഷേ ഈ ശബ്ദം?? അതെ ലവന്റെ തന്നെ. തലക്ക് ചെറുതായിട്ടൊരു മരവിപ്പ് ഉണ്ട് എന്നതൊഴിച്ചാല്‍ എനിക്ക് കാര്യമായ പരിക്കില്ല. എണീറ്റ്‌ നോക്കിയപ്പോള്‍ വണ്ടിയുടെ അടിയില്‍ കൊഞ്ച് കിടക്കണപോലെ മടങ്ങി കിടക്കുന്നു എന്റെ സ്റ്റുഡേന്റ്. ശബ്ദം കേട്ട് പരിസരത്തുള്ള വീടുകളിലെല്ലാം ലൈറ്റ് ഓണ്‍ ആയി. "എന്താപ്പോരു ഒച്ച കേട്ടെ, ആരപ്പാ ത്" തുടങ്ങിയ അനോണിമസ് കമന്റുകളുമായി ആരുടെയൊക്കെയോ തലവെട്ടം കണ്ടു തുടങ്ങി. തദ്വാര ഞങ്ങള്‍ക്കവിടെ തീരെ ചെറുതല്ലാത്ത കുറച്ചു ആരാധകരെ കിട്ടി. വണ്ടിക്ക് ഒന്നും പറ്റിയില്ല, കാരണം വണ്ടിക്കു പറ്റാനുള്ളത് മുഴുവന്‍ അവനു പറ്റിയിട്ടുണ്ട്. ഒരു സൈഡിലെ കൈകാല്‍ മുട്ടിന്റെ തൊലി നാളികേരം ചെരകിയതുപോലെയായിട്ടുണ്ട്. വണ്ടിയെടുത്തു മാറ്റി സൈഡിലേക്ക് വച്ചു തിരിഞ്ഞു നോക്കിയപ്പോള്‍, ഗഡി തലയ്ക്കു കൈ വച്ചിരിക്കുന്നുണ്ട്. പണ്ടാരടങ്ങാനായിട്ടു ഇനി അതിന്‌ തലക്കുവല്ലതും പറ്റിയോ ദൈവമേ എന്ന് ടെന്‍ഷനടിച്ചു ചെന്ന് നോക്കിയപ്പോള്‍ വെളുക്കനെ ചിരിച്ചിരിക്കുന്നു ദ്രോഹി.

"എടാ എരണംകെട്ടവനെ നിന്നോട് ഞാന്‍ പച്ചമലയാളത്തിലല്ലേ പകല്‍ വെളിച്ചത്തില്‍ പഠിക്കാം എന്ന് പറഞ്ഞത്. ഇപ്പൊ സംതൃപ്തിയായില്ലേ" എന്ന് ചോദിച്ച്‌ പല്ലിറിമ്മിയപ്പോള്‍. അവന്റെ ഉത്തരം കേട്ട് ഞാന്‍ തലയ്ക്കു കൈവചിരുന്നുപോയി.

"ത്പ്പോ പകലായാലും രാത്രിയായാലും വരാനുള്ളത് ന്തായാലും വരില്ലേ"

ശരിയാ വരാനുള്ളത് വഴിയില്‍ തങ്ങില്ല.

2012 ജൂൺ 16, ശനിയാഴ്‌ച

പൂരപിരിവ്‌

പിലാക്കാട് രാമന്‍കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിന്റെ പിരിവിനു പോവുക എന്ന് പറഞ്ഞാല്‍ യുവ പിലക്കാടന്മാര്‍ക്ക് അന്നതൊരു ഹരമായിരുന്നു (കാലഘട്ടം 1990 കളില്‍). ഹരത്തിന്റെ  മൂലകാരണം പലതരത്തിലുള്ള advantages അനുഭവിക്കാന്‍ യോഗമുണ്ട് എന്നത് തന്നെ. ഒന്നാമത്തെ advantage, The ever most required ഫുഡ് അടി തന്നെ (അതെല്ലായ്പ്പോഴും ടോപ്‌ ഫൈവ് റാങ്ക് ലിസ്റ്റില്‍ ഒന്നാമത്തെ പദം അലങ്കരിച്ചു പോന്നിരുന്നു), പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ യുവ പിലക്കാടന്മാരെയും പോലെ ഈയുള്ളവനും വയറൊഴിച്ച് കച്ചകെട്ടി എത്രപ്രാവശ്യം ഗോദയിലേക്ക് ഇറങ്ങിയിരിക്കുന്നു. അന്ന് അടിച്ചു കേറ്റിയിരുന്ന പൊറോട്ടയും ബീഫ് ഫ്രൈ ആന്‍ഡ്‌ ബീഫ് ചാറും എന്തെന്നില്ലാത്ത ഒരു ഫുഡ്‌ സാറ്റിസ്ഫാക്ഷന്‍ യു. പി. (യുവ പിലക്കാടന്‍) മാരുടെ വയറിനു സമ്മാനിച്ചിരുന്നു (ബാക്ക് ഗ്രൗണ്ടില്‍ മറ്റു പലതും ബോണസ് ആയിട്ടും കിട്ടിയിരുന്നു). ഹോട്ടല് കണ്ടാല്‍, താറാക്കൂട്ടത്തിന്, പൂട്ടിയ കണ്ടം കാണുമ്പോള്‍ ഉള്ള same ആക്ക്രാന്തം യു. പി. മാര്‍ക്ക് ഉണ്ടെന്നു മനസ്സിലാക്കിയ പൂരകമ്മിറ്റിക്കാരായ മേ. പി. (മേജര്‍ പിലക്കാടന്‍) മാര്‍, പൂരകമ്മിറ്റി മീറ്റിങ്ങുകളിലൂടെ ഫുഡ്‌ ക്വാണ്ടിറ്റിക്ക് പരിധി നിശ്ചയിച്ചെങ്കിലും യു. പി. മാരുടെ സുനാമി പോലെയുള്ള ഈ ഒരു ആവേശത്തിന് മുന്നില്‍, ആവശ്യത്തിനു മുന്നില്‍ അതൊക്കെ അപ്പൂപ്പന്‍ താടി പോലെ കാറ്റില്‍ പറന്നു. നെലം തൊടാന്‍ സമ്മതിച്ചില്ല.

രണ്ടാമത്തെ advantage കമ്പനിക്കു അടിക്കുന്ന extra earnings ആണ്. ഈ കമ്പനി എന്ന് പറയുന്നത് പിരിവു നടത്തുന്ന ടീമിനെയാണ്. പിലക്കാടിന്റെ എട്ടുഭാഗത്തെക്കും 4 ഓ 5 ഓ വീതം മെമ്പര്‍മാരുള്ള ഓരോ ടീം ആയിരിക്കും പിരിവിനു പോവുക. ചിലപ്പോള്‍ അത് 2 ഓ 3 ഓ  മെമ്പര്‍മാരായിട്ടും പോകാറുണ്ട്. ഓരോ വീട്ടിലും പിരിവിനു ചെല്ലുമ്പോള്‍ dangorus ആയിട്ടുള്ള പല സാഹചര്യങ്ങളും കമ്പനി മെമ്പര്‍മാര്‍ക്ക് അതിജീവിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് കൂട്ടില്‍ നിന്നും അല്ലെങ്കില്‍ തൊടലില്‍ നിന്നും അഴിച്ചു വിട്ട ശുനകന്‍മാര്‍, വളരെ most dangerous ആയിട്ടുള്ള ഒരു വിഭാഗമാണ്‌ ഇക്കൂട്ടര്‍. ഇവറ്റകള്‍ ചിലപ്പോള്‍ ഗറില്ല യുദ്ധമുറകള്‍ ആയിരിക്കും ഇരകളുടെ മേല്‍ പരീക്ഷിക്കുക. വീടിന്റെ നാനാ ദിക്കിലും ഉള്ള വേലി പൊത്തില്  മണത്തു നോക്കിയും വീട്ടു പറമ്പിന്റെ ഓരോമൂലയിലും കാലുപൊക്കി തന്റെ ആധിപത്യം സ്ഥാപിക്കുമ്പോളൊക്കെ ആയിരിക്കും മേല്‍പറഞ്ഞ കമ്പനി, പിരിവിനു പടികടന്നു വരുന്നത്. വീട്ടുപറമ്പില്‍ വിഹരിക്കുന്ന ഗറില്ലകളെ കാണാതിരിക്കുകയും യെവന്മാരുടെ സഡന്‍ ആറ്റാക്കില്‍ സ്ടാച്യു ഓഫ് ലിബര്‍ട്ടി ആവുകയും ഉള്ള അനുഭവം ഈ കമ്പനി മെമ്പര്‍ക്ക്‌ ഉണ്ടായിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ കണ്ട അണ്ടനും അടകോടനും ഈസിയായി നടത്താന്‍ പറ്റുന്ന ഒരയിറ്റമല്ല ഈ പരിപാടി വളരെയധികം മനക്കട്ടിയും, തൊലിക്കട്ടിയും, കായികാധ്വാനവും സര്‍വ്വോപരി എക്സ്പീരിയെന്സും വേണ്ട ഒരു കലയാണ്‌ പൂര പിരിവ്.

അപ്പൊ പറഞ്ഞു വന്നത് extra earnings, ഇപ്പൊ പിരിവ് കമ്പനി ഒരു വീട്ടില്‍ ചെല്ലുകയാണ്, അവിടെ ഉമ്മറത്തെ കോലായില് ചാരുകസേരയില് അന്നത്തെ ദിനപത്രത്തില്‍ തലമുക്കിയിരിക്കുന്നു ഒരു കാര്‍ന്നോര്‍.

"നമസ്കാരണ്ട്"

"ആ ... ന്താ??" കണ്ണടയുടെയും പുരികത്തിന്റെയും എടെകൂടെ ജെല്ലികെട്ടു കാളയെപോലെ ഒരു ഉഗ്ര നോട്ടം നോക്കി ചോദ്യം.

"പിലാക്കാട് രാമന്‍കുളങ്ങര ക്ഷേത്രത്തിലെ പൂരാണ്"

"അയിനിപ്പോ ഞാന്താവേണ്ടേ" ഓണ്‍ ദി സ്പോട്ടിലാണ് അടുത്ത ചോദ്യം ഇടവേളയില്ല.

"അല്ല ഞങ്ങളയിന്റെ പിരിവിന് വന്നതാ"

"നേരം വെളിചാവുമ്പോളെക്കും എറങ്ങിക്കോളും ഓരോ കുറ്റിം പിടിച്ച്, ങ്ങള്‍ക്കൊന്നും വേറെ പണിം തൊരോം ല്ലേ?"

ഇവിടെയാണ്  തൊലികട്ടി ഉപയോഗിക്കേണ്ടത്. പരമാവധി വിനയം മുഖത്ത് വാരിത്തേച്ച് വായെടെ രണ്ടറ്റവും വലത്തേ ചെവി തൊട്ട് ഇടത്തെ ചെവി വരെ വലിച്ചു പിടിച്ച് കാര്‍ന്നോര്‍ക്ക് ഒരു ചിരി പാസ്സാക്കണം.

"ആരാ ഉമ്മര്‍ത്ത്" എക്സ്പെയറി ഡേറ്റ് കഴിഞ്ഞ ഇതുപോലത്തെ ശബ്ദം ചിലപ്പോള്‍ അകത്തു നിന്നും കേള്‍ക്കാം.

"ആത്‌ പിരിവിന് വന്നതാന്നും, വേറെ പണീല്ലല്ലോ ഇവറ്റക്ക് .... മ്മ് മ്"

മുക്രയിടുന്നതുപോലെ മൂളീട്ട് മൂപ്പര് അകത്തേക്ക് പോകും. അപ്പോഴും തൊലിക്കട്ടി ചോര്‍ന്നുപോകാതെ അതെ പൊസ്സിഷനില്‍ തന്നെ നില്‍ക്കണം. അകത്തേക്ക് പോയ ആള്‍ തിരിച്ചു വന്നാല്‍ ആ വാല്യുബ്ള്‍ ചിരി ഫ്രീ ഓഫ് കോസ്റ്റ് ആയി ഒന്നുംകൂടി കൊടുക്കണം.

"ന്നാ...ഇപ്പോവിടെതേള്ളൂ" രണ്ടു രൂപയുടെ ഒറ്റകോയിന്‍ നീട്ടിയിട്ട് മുരളും.

"ഓ...ആയിക്കോട്ടേ, ള്ളത് മതി" മുക്രയിടലും മുരള്‍ച്ചയും കേട്ടാല്‍ തന്നെ മനസ്സിലാക്കിക്കോണം, അധികം പുഷ്ഷിങ്ങിനു നില്‍ക്കരുത് എന്ന്, കാരണം  എക്സ്പീരിയെന്‍സ്.

രസീത് എഴുതാന്‍ എടുത്താല്‍ ഭാഗ്യണ്ടെങ്കില്‍ "രസീതും കിസീതും ന്നും വേണ്ട" എന്ന മറ്റൊരു മുരള്‍ച്ച കേള്‍ക്കാം. 'ഓ സന്തോയം' എന്ന് മനസ്സില്‍ മാത്രമേ പറയാന്‍ പാടുള്ളൂ. ഈ രണ്ടു രൂപ കണക്കില്‍ പെടാത്തതും, നിരുപദ്രവും, പൂരത്തിന്‍റെ ബജ്ജറ്റിന് ഒട്ടും ഭീഷണിയില്ലാത്തതും ആകുന്നു, ആയതിനാല്‍ അത് കമ്പനിക്ക് അടിച്ചു. ഇതാണ് നേരത്തെ പറഞ്ഞ എക്സ്ട്രാ ഏണിംഗ്സ്. വളരെ അപൂര്‍വത്തില്‍ അത്യപൂര്‍വമായെ ഇങ്ങനെ സംഭവിക്കുള്ളൂ. ഞങ്ങള്‍ പിലക്കാടന്മാരും, തളി, വരവൂര്‍, ആറങ്ങോട്ടുകര, തലശ്ശേരി, എഴുമങ്ങാടുള്ളതുമായ എല്ലാ പൌരന്മാരും, പൌരനികളും പൂരത്തിനെയും ഉത്സവത്ത്തിനെയും നെഞ്ചിലേറ്റി പ്രോല്‍സാഹിപ്പിക്കുന്നവരായതുകൊണ്ട് ഇത്തരം അപൂര്‍വ്വ ഭാഗ്യം കമ്പനിക്ക് അധികം അടിക്കാറില്ല. എല്ലാവരും കാര്യമായി  തന്നെ പിരിവ് തരും എന്നര്‍ത്ഥം.

പൂരത്തിന്റെ ഭാഗമായ ഒരു പിരിവു ദിവസം, ഞാനും ചാക്കോച്ചിയും മാത്രമേ അന്ന് പിരിവിനുണ്ടായിരുന്നുള്ളൂ. ആറങ്ങോട്ടുകര ഭാഗത്തേക്കാണ് അന്ന് ഞങ്ങള്‍ക്ക് നറുക്ക് വീണത്‌, അന്ന് അടിച്ചു കേറ്റാന്‍ പോകുന്ന പൊറോട്ടയുടെ എണ്ണം എത്രവേണമെന്നും, ബീഫ് മൂത്തതാവുമോ, അതോ എളേത് കിട്ടുമോ എന്നും, അല്ലെങ്കില്‍ ഒരു ചെയ്ഞ്ചിനു വേണ്ടി നമുക്കിന്നു ചോറും മീങ്കൂട്ടാനും മതിയോ, ഇനി മീങ്കൂട്ടാനാണേങ്കില്‍ അത് ചാളയായിരിക്കുമോ, അതോ ആയിലയാകുമോ, ഇത് രണ്ടുമല്ലാത്ത, വായേല് വച്ചാല്‍ അണ്ണാക്കില് കുത്തിക്കേറുന്ന തരം മുള്ളുള്ള ചെമ്പല്ലിയാകുമോ എന്നും അങ്ങനെയാണെങ്കില്‍ ഏതു ഹോട്ടലില്‍ ചെന്ന് പൂശണം, പോകുന്ന വഴിക്ക് പൊട്ടിയതോടിന്റെ അവിടെയുള്ള ചായക്കടയില്‍ നിന്നുവേണോ അതോ ആറങ്ങോട്ടുകര സെന്ററില്‍ നിന്നുവേണോ തുടങ്ങിയ അന്താരാഷ്ട്രവും പ്രധാനപെട്ടതുമായ മേറ്ററുകള്‍ ചര്‍ച്ച ചെയ്തും ഇത് ദഹിപ്പികാന്‍ ആവശ്യമായ രാസപദാര്‍ത്ഥങ്ങള്‍ വയറിനു ഓര്‍ഡര്‍ കൊടുത്തും ഞങ്ങള്‍ ഞങ്ങളുടെ അന്നത്തെ കാര്യപരിപാടിയിലേക്ക് കടന്നു. ഓരോ വീടും സ്കാന്‍ ചെയ്തു ഡെയ്ന്‍ജര്‍ സിറ്റുവേഷനുകള്‍ തരണം ചെയ്തും, സ്കാനിങ്ങില്‍ അപ്ഡേറ്റ് ആയ തരുണീമണികളെ ഫില്‍റ്റര്‍ ചെയ്തെടുത്ത് വീണ്ടും സ്കാന്‍ ചെയ്തും ഞങ്ങളുടെ പിരിവുപരിപാടികള്‍ കാര്യമായിട്ട് തന്നെ മുന്നോട്ടു പോയികൊണ്ടിരുന്നു.

എസ്റ്റെറ്റുപടിയെത്തിയപ്പോഴേക്കും നട്ടുച്ച 12 മണി ആയി. "അല്ലേടാ ഇനി മ്മക്ക് ഫുഡലക്കീട്ട് നീങ്ങ്യാലോ" ഇത്  ചാക്കുനെ കൊണ്ട് പറയിപ്പിച്ചത് നേരത്തെ അവന്‍ ഓര്‍ഡര്‍ ചെയ്ത രാസപദാര്‍ത്ഥങ്ങളുടെ ശക്തിയായിരുന്നു.

"നിക്കട മ്മക്ക് ആ ഒരു എടോഴിം കൂടി കവറീത്ട്ട് അലക്കാം, അപ്പോഴേക്കും ഒന്നര്യാവും, നല്ലലക്കലക്കാം, കാലത്തലക്കീത് ദഹിച്ചിട്ടില്ല"

"യ്യ്  ന്താ കാലത്ത് കേറ്റീത്??" അവന്റെ ആകാംക്ഷ എനിക്കൂഹിക്കാന്‍ കഴിയും, കാരണം ഇത്രക്കൊന്നും പിടിച്ചു നില്‍ക്കാനുള്ള സ്റ്റാമിന എനിക്കില്ല എന്ന് അവനറിയാം.

"ചപ്പാത്ത്യാ ഒരു പത്തെണ്ണം കേറ്റി" ഒരു പ്രതികരണവും അവന്റെ ഭാഗത്ത് നിന്നും ഉണ്ടാകാഞ്ഞപ്പോള്‍ അവനെ ഒന്ന് വെറുതെ നോക്കീതാ. കണ്ണുരണ്ടും ബള്‍ബ്ബായി എന്നെ തുറിച്ചു നോക്കുന്ന അവനെയാണ്‌ ഞാന്‍ കണ്ടത്.

"അന്‍റെ വീട്ടില് ചോയിക്കാനും പറയാനൊന്നും ആരൂല്ലേ??" എന്ന അവന്റെ ചോദ്യം ഞാന്‍ നിഷ്ക്കരുണം ഡിലീറ്റ് ചെയ്തു. അവന്റെ ചോദ്യത്തിന് വലിയ അത്ഭുതം ഒന്നും ഇല്ല. ഞാഞ്ഞൂലിന് വയറിളക്കം പിടിച്ച മാതിരിയുള്ള എന്റെ അന്നത്തെ കോലം കണ്ടാല്‍ ഞാന്‍ ഇമ്മാതിരിയുള്ള അക്രമം ചെയ്യുമോന്ന് ആര്‍ക്കും സംശയം തോന്നാം. അങ്ങനെ ആ പ്രദേശം ഏകദേശം കവര്‍ ചെയ്തു കഴിയാറായി.

"മതീടെക്ക ഇനി മ്മക്ക് വല്ലതും കഴിച്ചിട്ട് മതി" അവന്റെ ദഹനരസങ്ങള്‍ പ്രതിഷേധം അറിയിക്കാന്‍ തുടങ്ങി.

"നിക്ക് ഈയ്യൊരു വീടും കൂടി കേറാം" കുറച്ചു ദൂരെ ഒറ്റപെട്ടു കിടക്കുന്ന ഒരു ഓടിട്ട വീട് ഞാന്‍ ചൂണ്ടി കാണിച്ചു. വീട്ടിലേക്കു കേറാന്‍ 4, 5 സ്റ്റെപ്പുകള്‍ ഉണ്ട് വഴിയില്‍ നിന്നും കുറച്ചു ഉയരത്തില്‍ ആണ്. ഒരു ചെറിയ വീട്, കേറി ചെല്ലുമ്പോള്‍ ഉമ്മറത്തെ തിണ്ണയില്‍ കാലും നീട്ടി ഞങ്ങളെയും നോക്കി ഒരു രൂപം ചിരിച്ചും കൊണ്ട് ഇരിക്കുന്നുണ്ട്. മറ്റെകാല് തിണ്ണയുടെ  അപ്പുറത്തായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിയുണ്ടായിരുനില്ല. കുറ്റി തലമുടി, കുടമണിയുടെ ഷേയ്പ്പിലുള്ള മുഖം, മുഖത്തുള്ള രണ്ടു കണ്ണുകളിലെ ഒരു കണ്ണ് എന്നെയും മറ്റേ കണ്ണ് ചാക്കൂനെയും നോക്കുന്നു... കോങ്കണ്!!!...ഫ്രന്റ്‌ റോയിലെ പല്ലുകളില്‍ നടുവില്ലെ രണ്ടെണ്ണം മോട്ടുമുയലിന്റെ പല്ലുപോലെ നിക്കുന്നുണ്ട്. മൊത്തത്തില്‍ ഒരു മാനുഫാക്ച്ച്വര്‍ ഡിഫെക്റ്റ് ബോഡി. ട്രൌസര്‍ ആന്‍ഡ്‌ ചാത്തന്‍ കളര്‍ ഷര്‍ട്ട്‌ വേഷം, ബട്ടന്‍സുകള്‍ വരിതെറ്റിയിട്ടിരിക്കുന്നു. ഒരു വശപെശക് ഫീല്‍ ചെയ്യുന്നില്ലേ എന്നൊരു സംശയം.

"വര്യാ...വര്യാ ... ങ്ങളെന്താ  നേരം വൈക്യേ??" ചിരിച്ചും കൊണ്ട് ആഥിതേയന്റെ അന്വേഷണം. ഞങ്ങള്‍ മിഴിച്ചും കൊണ്ട് പരസ്പരം നോക്കി. വശപെശക്  നമ്പര്‍ 2!!.

"പിലാക്കാട് രാമന്‍കുളങ്ങര ക്ഷേത്രത്തിലെ പൂരാണ്"

"ആയിക്കോട്ടെ അതിനെന്താ ങ്ങള് കേറിയിരിക്കിന്‍. ഇപ്പ വരും"

"ആര്"

"അമ്മിണ്ണി... അല്ലാണ്ടാരാ, ചായണ്ടാക്കാന്‍ പോയിരിക്ക്യാ ഇപ്പ വരും ങ്ങള് കേറിയിരിക്കിന്‍" വീണ്ടും വെല്‍ക്കം നോട്ട് വിത്ത്‌ ചിരി.

വിശന്നു തളര്‍ന്ന ചാക്കോച്ചിയാണെങ്കില്‍ മൂട് വക്കാന്‍ ഒരു സ്ഥലം കിട്ടിയാല്‍ സ്വര്‍ഗ്ഗം കിട്ടിയ മാതിരി എന്ന കണ്ടീഷനായത് കൊണ്ട് ടിയാന്റെ വെല്‍ക്കം നോട്ട് ഹൃദയം നിറഞ്ഞു സ്വീകരിച്ചു തിണ്ണയില്‍ കേറിയിരിപ്പായി.

"ഇതെന്തിനാ വടിയൊക്കെ" ചുള്ളന്റെ കയ്യിലുള്ള ഒന്നൊന്നര വണ്ണമുള്ള ശീമകൊന്നയുടെ തണ്ട് അപ്പോഴാണ്‌ എന്റെ കണ്ണില്‍ പെട്ടത്.

"കാക്ക ശല്യെ...ഈ കാക്കകളെ കൊണ്ട് വല്ലാത്ത ശല്ല്യമാണന്നേയ്" അപ്പോഴും അദ്ദേഹം നന്നായി ചിരിക്കുന്നുണ്ട്.

പെശക് നമ്പര്‍ 3!!. സാധാരണ വല്ല കൊപ്രയോ, കൊണ്ടാട്ടമോ ഉണക്കാന്‍ മുറ്റത്ത് വക്കുമ്പോഴാണ് ഈ കാക്ക ശല്യം ഉണ്ടാകുന്നത്. ഈ മുറ്റത്താണേങ്കില്‍ രണ്ടു  വിറകുകൊള്ളിയല്ലാതെ വേറൊന്നും കാണാനില്ല.

പൊടുന്നനെയാണ് ചാക്കോച്ചി തിണ്ണയില്‍ നിന്നും ചാടി എന്റെ അടുത്ത് തന്നെ ക്രാഷ് ലാന്‍ഡ്‌ ചെയ്തത്.

"ഡാ ഇയാളെ ചങ്ങലകൊണ്ടു കെട്ടിയിരിക്കണ്" വിറഞ്ഞ ശബ്ദത്തിലുള്ള ചാക്കൂന്റെ ശബ്ദം എന്റെ ചെവിയില്‍ വീണു. അദ്ദേഹത്തിന്റെ മറ്റേ കാല് ചാക്കു കണ്ടിരിക്കുന്നു.

ഞെട്ടിതരിച്ചുകൊണ്ട് ഞങളുടെ വശപെശക് സംശയം യാഥാര്‍ത്യത്തിലേക്ക് വഴിമാറി. ഇയാള്‍ക്ക് മാനുഫാക്ച്ച്വര്‍ ഡിഫെക്റ്റ് ബോഡിക്ക് മാത്രമല്ല തലക്കുള്ളിലും ഉണ്ടെന്ന യാഥാര്‍ത്ഥ്യം. വീടിന്റെ മുറ്റവും പടിയും കടന്നു എടോഴിലെത്താന്‍ ഞങ്ങള്‍ക്ക് സെക്കന്റുകളെ വേണ്ടിവന്നുള്ളൂ. മുന്‍പ് പറഞ്ഞ കായികാധ്വാനം ഇവിടെ ഗുണം ചെയ്തു. അണച്ച് കൊണ്ടിരുന്ന ഞങ്ങളോട് എടോഴീകൂടെ പോകുന്ന ഒരു ചേട്ടനാണ് മറ്റൊരു യാഥാര്‍ത്ഥ്യം വെളിപെടുത്തിയത്.

"തലയ്ക്ക് നല്ല സുഖല്യാത്ത ആളാണേയ്. അങ്ങനെ ഉപദ്രവം ഒന്നൂല്ല, പരിചയല്ലാത്തോരെ കണ്ടാല്‍ വടികൊണ്ട് തലക്കിട്ടാ വീക്ക്യാ. ങ്ങള്‍ക്ക് നല്ല ദൈവാധീനണ്ട്"

ആ വടികൊണ്ട് തലക്കൊന്ന് കിട്ട്യാ, മെഡുല ഒബ്ലാങ്ങെറ്റ വഴിമാറിപോകും. പൂരപിരിവിനു ഇറങ്ങുമ്പോള്‍ മനക്കട്ടിയും, തൊലിക്കട്ടിയും, എക്സ്പീരിയെന്സും മാത്രം പോര ദൈവാധീനവും വേണമെന്ന് അന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.