2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

വെള്ളാരംകല്ലും, പെട്രോള്‍ടാങ്കും


കോമ്പിയത്തെ അപ്പുണ്ണി, സഹൃദയന്‍, സരസന്‍, സല്‍സ്വഭാവി എന്നീ ത്രിഗുണങ്ങളോട് കൂടിയവന്‍, ത്രിഗുണന്‍ കാട്ടുറമ്മ് വെള്ളം ചേര്‍ക്കാതെ കുടിച്ച് കണ്ണ് തള്ളി കരുത്ത് തെളിയിച്ച പരാക്രമശാലി, പഞ്ചായത്ത് മേളയിലെ ക്രോസ് കണ്ട്രി മത്സരത്തില്‍ സൈക്ലിന്മേല്‍ കേറി ലാസ്റ്റ് എത്തിയവന്‍, തേവര്‍ ഇരുത്തിപറമ്പ് ശിവക്ഷേത്രത്തിലെ ശിവരാത്രിക്ക് നാടകത്തിന് അബലനായകനെ അവതരിപ്പിച്ച് സ്ത്രീ ഹൃദയങ്ങളുടെ സിംപതിയും ആരാധനയും, പുരുഷ ഹൃദയങ്ങളുടെ തലോടലും പിടിച്ചു പറ്റിയവന്‍, ഇങ്ങനെ ഒരു പാട് വേള്‍ഡ് റെകോര്‍ഡുകള്‍ സ്വന്തം പേരില്‍ ക്രെഡിറ്റ്‌ ആക്കിയവന്‍. ഗഡിടെ വിശേഷണങ്ങള്‍ ഇരുപതു പേജില്‍ കവിയാതെ ഉപന്യസിക്കാന്‍ പറഞ്ഞാല്‍ ഏതൊരു പിലക്കാടനും മണിമണി പോലെ സാധിക്കും. ഈ ചുള്ളനെ ഒരു ദിവസം വൈകീട്ട് കളി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോള്‍ എടോഴില് വച്ച് അണലി കടിച്ചു. ഒന്ന് പേടിച്ച് മരണവെപ്രാളം കാട്ടി വീട്ടുകാരെയും നാട്ടുകാരെയും പേടിപ്പിച്ചു എന്നല്ലാതെ ചുള്ളന്‍ ഇപ്പോഴും പയറുപയര്‍ പോലെ നാട്ടില്‍ വിലസുന്നുണ്ട്. കടിച്ച അണലി പിന്നീട് നെഞ്ചും തല്ലി ചത്തു എന്നാണ് നാട്ടിലെ ബിബിസി കം കിംവദന്തികളുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. തദ്വാര അണലി എന്ന നാമം നാട്ടുകാരുടെ വക ടിയാന്റെ പേരിനു മുന്നില്‍ ചേര്‍ക്കപ്പെട്ടു. അങ്ങനെ അപ്പുണ്ണി, അണലി അപ്പുണ്യായി.

സ്കൂള്‍ ഡേയ്സും, കോളേജ് ഡേയ്സും കഴിഞ്ഞ് എല്ലാ യുവ കോമള പിലക്കാടന്മാരെയും പോലെ വായനശാലെടെ പിന്നിലെ പറമ്പില്‍ റമ്മടിയും, റമ്മി കളിയും, പരല് കളിയും കൂടെ സിസ്സര്‍ ഫില്‍ടര്‍ ആന്‍ഡ്‌ കാജാബീടി വലിയും നടത്തി ആര്‍മാദിച്ചു ആഹ്ലാദിച്ചു നടന്നിരുന്ന അപ്പുണ്ണിയുടെ യുവ കാലഘട്ടം. ഏതൊരു നാട്ടിന്‍പുറത്തെയും നാട്ടുകാരുടെ പോലെ പിലക്കാട്ടെ നാട്ടുകാരും അപ്പുണ്ണിയെ ഒരു ഉത്തരവാദിത്വമുള്ള ഉത്തമ പിലക്കാടന്‍ പൌരനാക്കാനുള്ള ഭാരിച്ച ദൌത്യം ഏറ്റെടുത്തു. തന്ഫലമായി അപ്പുണ്ണിക്ക് സ്വന്തം നാട്ടുകാരോട് കൈരളി ടിവിയില്‍  ജി എസ് പ്രദീപ്‌ നടത്തിയിരുന്നത് പോലെയുള്ള ഒരു റിവേര്‍സ് ക്വിസ് മത്സരം തന്നെ നടത്തേണ്ടി വന്നു. 

"പഠിപ്പൊക്കെ കഴിഞ്ഞോ അപ്പുന്ന്യേ??"

"ഉവ്വ"

"ജോലീം കൂലീം ഒന്നും ആയില്യെ??"

"ഇല്യാ"

"ജോലി നോക്ക് ണ് ല്യേ??

"ണ്ട്"

"ന്നാ പെട്ടെന്ന് നോക്ക്വാ. വീട്ടില് നീയ്യോരുത്തനല്ലേ ഉള്ളോ"

"ഉവ്വ"

ഇമ്മാതിരി ചൊറിയണ ചോദ്യങ്ങള്‍ കേട്ടു കേട്ട് അപ്പുണ്ണിയുടെ തല ആങ്കര്‍ സ്വിച്ചിന്റെ പരസ്യത്തിലെ ചേട്ടന് ഷോക്കടിച്ചപോലെയായി തീര്‍ന്നു. "ഇവറ്റക്കൊക്കെ എന്തിന്റെ കുരു പൊട്ടലാണ്, വല്ല തൊയിരംണ്ടോ, എത്ര ഇടിമിന്നല് പാഴായി പോണ്ട്, ഒരെണ്ണം ഇവറ്റടെ തലേല് വീണെങ്കി" തുടങ്ങിയ തന്റെ സ്വര്യ വിഹാരത്തിന് തടസം സൃഷ്ടിക്കുന്ന നാട്ടുകാരോടുള്ള അവന്റെ സഹന ശക്തിയുടെ നെല്ലിപലക കണ്ട നെടുവീര്‍പ്പോടെയുള്ള പ്രതികരണങ്ങള്‍, നാട്ടുകാര് കേട്ടിലെങ്കിലും ഞങ്ങളൊക്കെ അതിന്റെ സാക്ഷികളാ.

ആദ്യമൊക്കെ ദൂരദര്‍ശനില് ഞായറാഴ്ച മലയാളം പടം വന്നിരുന്ന പോലെയുള്ള നാട്ടുകാരുടെ ചോദ്യശരങ്ങള്‍, പിന്നീട് ഏഷ്യാനെറ്റിലും സൂര്യയിലും സൂപ്പര്‍ ഹിറ്റ്‌ പടങ്ങളുടെ ഇടയില്‍ വന്നിരുന്ന പരസ്യങ്ങളുടെ പോലെയായി. ഓരോ ചോദ്യങ്ങളും ചാട്ടൂളിപോലെ അപ്പുണ്ണിയുടെ ചങ്കില്‍ തറച്ചു. ഓരോ ദിവസവും അവന്‍ നീറി നീറി പൊകഞ്ഞു. ദിവസം ചെല്ലുതോറും താനൊരു കൊലപാതകിയാവനുള്ള അവസരം എറിവരുന്നതുകൊണ്ടോ, നാട്ടുകാരുടെ ദൌത്യം വിജയിച്ചത് കൊണ്ടോ അതോ കുടുംബം നോക്കണം പ്രാരാബ്ദം തലേലെറ്റണം അതിനു ജോലീം കൂലീം വേണം എന്ന ഭീകര ചിന്തകള്‍ക്ക് അടിമപെട്ടത്‌ കൊണ്ടോ എന്താന്നറിയില്ല അപ്പുണ്ണിയും ഒരു ജ്വാലികാരനാവാന്‍ തിരുമാനിച്ചു. ഇനി ഇപ്പൊ ജോലില്ലെങ്കിലും കൂലികിട്ടിയാല്‍ മതി എന്ന നിലപാടിലായിരുന്നു അപ്പുണ്ണി. പക്ഷെ അതൊരു തത്വാധിഷ്ടിത നിലപാടല്ല എന്ന നഗ്നസത്യം അപ്പുണ്ണി തിരിച്ചറിഞ്ഞു. കൂലി വേണോ എന്നാല്‍ ജോലി വേണം എന്ന പ്രിന്‍സിപ്പിള്‍ അവന്‍ മനസ്സിലാക്കി. വളരെ വേദനയോടെയാണെങ്കിലും ഇക്കാര്യം തന്റെ ഉത്തമ സുഹൃത്തായ ചെങ്കത്ത് ശൈലജനോട് അവതരിപ്പിച്ചു. 

ചെങ്കത്ത് ശൈലജന്‍, അപ്പുണ്ണിടെ പോലെ തന്നെ സഹൃദയന്‍, സരസന്‍, സല്‍സ്വഭാവി, സര്‍വ്വോപരി പരോപകാരി. ഹാന്‍സ്, പാന്‍പരാഗ്, ബീഡി, മുറുക്കാന്‍ തുടങ്ങിയവയുടെ ഹോള്‍സെയില്‍ ബ്രാന്‍ഡ്‌ അംബാസിഡാര്‍ ആക്കാന്‍ പറ്റിയ മുതല്. ചുള്ളന്‍ നടക്കുമ്പോള്‍ വലിയ താറാവ് നടക്കുന്നത് പോലെയാണ് നമുക്ക് തോന്നുക, അവന്റെ മുന്‍ഭാഗം കണ്ടു തിരിച്ചറിയാന്‍ പറ്റിയില്ലെങ്കില്‍ പിന്‍ഭാഗം കണ്ടു തീര്‍ച്ചയായും തിരിച്ചറിയാന്‍ പറ്റും. കല്യാണം കഴിക്കുകയാണെങ്കില്‍ ഹാന്‍സ് കവറിന്റെ പുറത്തെ ചിത്രത്തിലുള്ള അപ്പാപ്പന്റെ മോളെ കെട്ടണം എന്ന സ്വപ്നവുമായി നടന്നവന്‍. അവനെ അറിയുന്നത് തന്നെ പിലക്കാട്ടെ സ്വന്തം പെട്ടികടയായിട്ടാണ്. റമ്മികളി, പരലുകളി, റമ്മടി തുടങ്ങിയ സഭകളില്‍ സജീവ പങ്കാളി. പണി വണ്ടീടെ സിസി അടവ് പിടിത്തവും പറ്റിയാല്‍ വണ്ടി പിടിത്തവും. സ്വന്തമായി നാലുകാശു വരുമാനമുള്ളവന്‍. മേലെ പട്ടാമ്പിയില്‍ വാടകയ്ക്ക് റൂമെടുത്തു സ്വന്തമായി ഓഫീസ് സെറ്റപ്പ് ഉണ്ടാക്കിയവന്‍. ഒരിക്കല്‍ ഈ പരിപാവനമായ പുണ്ണ്യസ്ഥലം ദര്‍ശിക്കാനുള്ള അപൂര്‍വ്വഭാഗ്യം അടിയനുണ്ടായി. പണ്ട് ഒട്ടുപാറ വൈന്‍ ഷാപ്പിന്റെ ബാക്കിലുണ്ടായിരുന്ന അതെ സെറ്റപ്പ്. അവിടെ ഉണ്ടായിരുന്ന തട്ടുകട ഇല്ല എന്ന ഒരൊറ്റ വ്യത്യാസം മാത്രമേയുണ്ടായിരുന്നുള്ളൂ. ടിയാന്റെ കൂടെ പാര്‍ട്നെര്‍മാരായി പിലക്കാട്ടെ തന്നെ പൊന്നോമന പുത്രന്മാരായ കൊഞ്ചു സാജുവും, കീരി സുനിയും, മാന്തള് ഷിജുവും. ഈ മാന്തള് ഷിജുവാണ് എന്റെ ബീഡി വലിയുടെ ഗുരു (ഇപ്പൊ ഞാന്‍ ബീഡി, സിഗരെറ്റ്‌ വലി പൂര്‍ണ്ണമായും നിര്‍ത്തി). 

രണ്ടു മുറി, ഒരു മുറിയില്‍ രണ്ടു മേശയും നാല് കസേരയും ഇട്ടിട്ടുണ്ട്. പിന്നെ സിസി അടക്കാത്തവരെ തെറി പറയാനും, ഭീഷണി പെടുത്താനും വേണ്ടി എയര്‍ടെല്‍ കണെക്ഷന്‍ ഉള്ള രണ്ടു വയര്‍ലെസ് ഫോണും. മറ്റേ മുറിയില്‍ ചെന്നപ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരതല്ലി. ത്രിഗുണന്‍ റം, നെപോളിയന്‍, ഹെര്‍കുലീസ് തുടങ്ങി കൂതറ സെല്‍സ വരെയുള്ള വന്‍ശേഖരം ഒരു ഭാഗത്ത്‌, മറുഭാഗത്ത്‌ കിങ്ങ്ഫിഷേര്‍, ഹേവാട്സ് 1000 & 5000, കല്യാണി വരെയുള്ള കുപ്പികള്‍. പക്ഷെ അതൊക്കെ വെറും സോവനിയര്‍ മാത്രമാണെന്ന് ക്ഷണം നേരം കൊണ്ട് എനിക്ക് മനസ്സിലായി. എന്തൊക്കെയായാലും ഇവര്‍ ജോലിയോട് വളരെയധികം സിന്സിയെരിറ്റിയും കണിശതയും പുലര്തുന്നവരാണ് എന്ന്, "ഡാ ഇന്നലത്തെ നിന്‍റെ സിസി കിട്ടിയില്ലട്ടാ", "ഇന്നലത്തെ സിസി നിനക്ക് ഞാന്‍ നാളെ തരാട്ടാ" തുടങ്ങിയ പരസ്പരം ഉള്ള ഡയലോഗുകളില്‍ കൂടി എനിക്ക് മനസ്സിലായെങ്കിലും, പിന്നീടു അതെനിക്ക് തിരുത്തേണ്ടി വന്നു. ഇത് അവര്‍ പരസ്പരം കൊടുക്കേണ്ട റമ്മി കളിയുടെ ബാലന്‍സ് സിസിയാണെന്ന് മനസ്സിലാവുന്നത് വരെ. അതെ!!! പൊരിഞ്ഞ റമ്മി കളിയും, പരല് കളിയും ആണ് ഓഫിസ് തുറന്നു അടക്കുന്നത് വരെ. 

 തന്റെ ഉത്തമ സുഹൃത്തിന്റെ മനപ്രയാസം മനസ്സിലാക്കി  അവനെ തന്റെ മറ്റൊരു പാര്‍ട്നെര്‍ ആയി നിയമിച്ചു, ശൈലജന്‍ പരോപകാരി എന്ന തന്റെ സ്വഭാവത്തിനോട് പരമാവധി നീതി പുലര്‍ത്തി. ഈ പണിയുടെ ശാസ്ത്ര സാങ്കേതിക വശങ്ങളെക്കുറിച്ച് മനസ്സിലാക്കിപ്പിച്ചും, തവള പിടിത്തം പോലെയല്ല വണ്ടി പിടിത്തം തുടങ്ങിയ സാരോപദേശങ്ങള്‍ നല്‍കിയും അപ്പുണ്ണിയെ അടിമുടി ഒരു പ്രൊഫെഷണല്‍ സിസി പിടിത്തകാരന്‍ ആക്കി മാറ്റി. പക്ഷെ അപ്പോഴും ഒരു പ്രശ്നം ബാക്കിയായി. സിസിയുടെ കളക്ഷന് പോകാന്‍ വേണ്ടി ഒരു ടു വീലെര്‍ സംഘടിപ്പിക്കുന്ന പ്രശ്നം, അതും ശൈലജന്‍ തന്റെ വ്യക്തി സ്വാധീനം ഉപയോഗിച്ച് ഒരു ഹീറോ ഹോണ്ട സിഡി 100 തരമാക്കി കൊടുത്തു. അതെ അതാണ് ശൈലജന്‍, പരോപകാരി എന്ന് പറഞ്ഞാല്‍ ഒന്നൊന്നര പരോപകാരി. അങ്ങിനെ അപ്പുണ്ണിയും ഒരു വണ്ടി മുതലാളി ആയി. ഈ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്‌താല്‍, പാടത്ത് വെള്ളമടിക്കാന്‍ ഇഞ്ചന്‍ സ്റ്റാര്‍ട്ട്‌ ആക്കിയപോലെയുള്ള കര്‍ണ്ണപടം പൊളിയണ ശബ്ദമാണ്. ഈ വണ്ടി വരുമ്പോള്‍ കൂട്ടില്‍ കേറാതെ നെഞ്ചും വിരിച്ചു നടന്നിരുന്ന കോഴികള്‍ പേടിച്ചു കൂട്ടില്‍ കേറിയിരുന്നു, പക്ഷികള്‍ ഭയചകിതരായി ചിറകടിച്ചുയര്നിരുന്നു, പട്ടികള്‍ ഓരിയിട്ടിരുന്നു, പശുക്കള്‍ കയറും പൊട്ടിച്ചു ഓടിയിരുന്നു, എന്തിനേറെ കാലത്ത് എട്ടരക്ക് തൃശൂര്‍ക്ക് ട്രിപ്പടിചിരുന്ന ആനന്ദ് ബസ്‌ വരെ സൈടാക്കി നിര്‍ത്തി കൊടുത്തിരുന്നു. പിലക്കാട്ടെ കൊച്ചു കുഞ്ഞുങ്ങള്‍ വരെ വരുന്ന വണ്ടിയുടെ ശബ്ദം കേട്ടു അപ്പുണ്ണി വരുന്നു എന്ന് മനസ്സിലാക്കിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. 

ഒരു ദിവസം കളക്ഷന്‍ കഴിഞ്ഞു ഓഫീസിലേക്ക് വരികയായിരുന്ന ശൈലജന്റെ മൊബൈല്‍ റിംഗ് അടിച്ചുകൊണ്ടിരുന്നു. എടുത്തു നോക്കിയപ്പോള്‍ അപ്പുണ്ണി, 

"ആ പറയ് ന്താണ്??"

"ഈയ്യെവിട്യാ??"  

"ദാ ഞാന്‍ വന്നുകൊണ്ടിരിക്കുന്നു. ന്തേ??"

"അതേയ്, പിന്നേയ് എന്റെ വണ്ടി സ്റ്റാര്‍ട്ടവിണില്യാ"

"സ്റ്റാര്‍ട്ടാവിനില്യേ??...അതെന്തു പറ്റി??"

"അറീല്യ, ഞാനും കീരി സുനിം ണ്ട് വ്ടെ"

"വണ്ടീല് പെട്രോളുണ്ടോ??" സ്വാഭാവികമായ ചോദ്യം, കമ്മിന്നു കിടന്നാല്‍ കാല്‍ പണം കിട്ടാതെ എഴുനെല്‍കാത്ത ഗടിയാണ് അപ്പുണ്ണി എന്ന് മനസ്സിലാക്കിയിട്ടാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശിച്ചു ചോദിച്ചതാണോ എന്ന് ഇന്നും പിടികിട്ടിയിട്ടില്ല.

"ഈയ്യെന്നെ ഒരുമാതിരി ആക്കി ഇന്സല്‍റ്റ് ചെയ്യരുതുട്ടോ. ഞാന്‍ അത്ര ദാരിദ്ര്യം പിടിച്ചവനോന്നും അല്ല" 

അപ്പൊ വണ്ടീല് പെട്രോള്‍ ഉണ്ടെന്നു ശൈലജന്‍ ഊഹിച്ചു. അല്ലെങ്കില്‍ ഇത്ര സെന്റി ആയി അപ്പുണ്ണി ഇങ്ങനെ പറയില്ലായിരുന്നു.

"ന്തായാലും ഞാനിവിടുന്നു എവിടുന്നെങ്കിലും വര്‍ക്ഷോപ്പുകാരനെ വിളിച്ചോണ്ട് വരാം, ങ്ങള് കുറച്ചു വെയിറ്റ് ചെയ്യ്‌"

ശൈലജന്‍ വര്‍ക്ഷോപ്പുകാരനെ തപ്പാന്‍ പോയപ്പോള്‍, ലേബര്‍ റൂമിന്റെ അടുത്ത് ടെന്‍ഷനടിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താക്കന്മാരെ പോലെ സ്വന്തം അരുമയായ വണ്ടിയുടെ അടുത്ത് നഖം കടിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പുണ്ണി. കൂട്ടിനു ആശ്വസിപ്പിച്ചു കൊണ്ട് കീരി സുനിയും. വൈകാതെ തന്നെ, വീട്ടിലേക്കു പോകാന്‍ തയ്യാറെടുത്തു കൊണ്ടിരുന്ന ഒരു വര്‍ക്ഷോപ്പ് ചേട്ടനെ കയ്യും കാലും പിടിച്ചു ശൈലജന്‍ സ്പോട്ടിലെത്തിച്ചു. വന്നപാടെ തന്നെ വര്‍ക്ഷോപ്പ് ചേട്ടന്‍ വണ്ടീടെ പണ്ടോം കുടലും വലിച്ചെടുത്തു പരിശോധന തുടങ്ങി. ആള്ള്‍ക്ക് വീട്ടില്‍ പോകാന്‍ അത്രയ്ക്ക് മുട്ടി നില്‍ക്കുകയായിരുന്നു എന്ന് ആള്‍ടെ പണീടെ വേഗം കണ്ടാല്‍ അറിയാം. തലകുത്തി നിന്ന് പരിശോധിച്ചിട്ടും എന്താണ് വണ്ടീടെ പ്രശ്നം എന്ന് മനസ്സിലാക്കാന്‍ വര്‍ക്ഷോപ്പ് ചേട്ടന് സാധിക്കുനില്ല. അറ്റകൈക്ക് വെറുതെ പെട്രോള്‍ ടാങ്ക് ഒന്ന് തുറന്നു നോക്കി. കുറച്ചു നേരം പെട്രോള്‍ ടാങ്കിലേക്ക് തന്നെ തുറിച്ചു നോക്കി വളരെയധികം ദയനീയമായി ശൈലജന്റെ മുഖത്തേക്ക് നോട്ടമെറിഞ്ഞു. മുഖം കണ്ടാല്‍ വര്‍ക്ഷോപ്പ് ചേട്ടന്‍ ഇപ്പൊ കരയും എന്ന് തോന്നി. പെട്രോള്‍ ടാന്കിലെക്കും ശൈലജന്റെ മുഖത്തേക്കും മാറി മാറി നോക്കികൊണ്ടിരുന്നു ദയനീയമായി തന്നെ. ആളെന്താ ഇങ്ങനെ നോക്കികൊണ്ടിരിക്കണേ എന്ന് ശങ്കിച്ച് പെട്രോള്‍ ടാങ്കിലേക്ക് നോക്കിയ ശൈലജന്റെ മുഖം വിളറി വെളുത്തു!!. സഹാറ മരുഭൂമിയായിരുന്നു പെട്രോള്‍ ടാങ്ക്!!. പെട്രോളില്ലാത്തതുകൊണ്ടാണ്  ഈ ശകടം സ്റ്റാര്‍ട്ട്‌ ആവാത്തത് എന്ന ഭീകര സത്യം അവിടെയുള്ളവര്‍ മനസ്സിലാക്കി. ഇനി അതില്‍ ഒരു തുള്ളിയെങ്കിലും ഉണ്ടോ എന്നറിയാനായി വണ്ടി ഒന്ന്  ചെരിച്ചു കിടത്തിയ കീരി സുനിക്ക് അതില്‍ നിന്നും രണ്ടു ചെറിയ വെള്ളാരം കല്ലും കിട്ടി.

"തെന്താ കല്ലോക്കെയോ ഇതിന്റെയുള്ളില്‍" ഇളിച്ചും കൊണ്ടിരിക്കുന്ന അപ്പുണിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ച ശൈലജന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് കീരി സുനി ആയിരുന്നു.

"ആ, ഇപ്പൊ മനസ്സിലായി, പണ്ടൊരു കാക്ക കുടത്തില് വെള്ളാരം കല്ലിട്ടു വെള്ളം കുടിച്ചപോലെ, ടാങ്കില് കല്ലിട്ടു പെട്രോളിന്റെ അളവ് കൂട്ടാന്‍ നോക്കിതായിരിക്കും, ല്ലേ അപ്പുന്ന്യേ??"

ഇത് കേട്ടു തരിച്ചിരുന്നത് ശൈലജന്‍!!!.

വിളറി വെളുത്തത് അപ്പുണ്ണി!!!.

സ്വന്തം പണി എന്നന്നേക്കുമായി നിര്‍ത്തി പോയത് വര്‍ക്ഷോപ്പ് ചേട്ടന്‍!!!.

പ്രത്യേക ശ്രദ്ധക്ക്:- ഇതിലെ കഥാപാത്രങ്ങളുടെ  പേരുകള്‍ തികച്ചും വ്യാജമാണ്, കാരണം എനിക്ക് പിലക്കാട്ട് ഇനിയും ജീവിക്കേണ്ടതാണ്.

1 അഭിപ്രായം: